കുട്ടികളുടെ അമൃതംപൊടിയിൽ പുഴുവെന്ന് പരാതി

മാറനല്ലൂർ: കുട്ടികൾക്കു അങ്കണവാടിയിൽ നിന്നു നൽകിയ അമൃതംപൊടിയിൽ പുഴുവെന്ന് പരാതി. ഊരൂട്ടമ്പലം കാരണംകോട് പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്നു  ഊരൂട്ടമ്പലം മുല്ലപ്പള്ളിക്കോണം മഹാദേവത്തിൽ രഘുവിന്റെ വീട്ടിൽ നൽകിയ പൊടിയിലാണ് പായ്ക്കറ്റ് തുറന്ന് ഉപയോഗിക്കുന്നതിനായി എടുക്കവേ ചെറിയ പുഴുക്കളെ കണ്ടത്. ഉടനെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി പറയുന്നു.

പൊടിയുടെ കവറിൽ ഉത്‌പാദിപ്പിച്ച തീയതി രേഖപ്പെടുത്തിയിട്ടില്ലത്രെ. ഉത്‌പാദന തീയതി മുതൽ മൂന്നുമാസം വരെയാണ് കാലാവധിയുള്ളത്. പഞ്ചായത്തിലെ പല അങ്കണവാടികളിൽ നിന്നു നൽകുന്ന ഭക്ഷണപദാർഥങ്ങൾ കുട്ടികൾക്കു വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതായി പറയുന്നു. എന്നാൽ, പലരും പരാതിപ്പെട്ടിട്ടില്ല.