നബിദിന റാലി പരിസ്ഥിതി സൗഹൃദമാക്കി കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റ്

ചിറയിൻകീഴ്: ചിറയിൻകീഴ് കാട്ടുമുറക്കൽ മുസ്ലിം ജമാഅത്തിന്റെ മുഴുവൻ മദ്രസയിലെയും കുട്ടികളുടെ ഘോഷയാത്ര കടന്നു പോയതിനു ശേഷം ഘോഷയായാത്രയിൽ ഉടനീളം റോഡിലേക്ക് ഉപേക്ഷിക്കപ്പെട്ട ഗ്ലാസുകളും, കുപ്പികളും, പ്ലാസ്റ്റിക് കവറുകളും, ഐസ് ക്രീം ബോട്ടിലുകളും റോഡുകളിൽ നിന്ന് എടുത്ത് മാറ്റി കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ഇറങ്ങിയത് ശ്രദ്ധേയമായി. ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പടെയുള്ള വസ്തുക്കൾ സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. മുഹമ്മദ് നബിയുടെ 1494 ആം ജന്മദിനം പ്രമാണിച്ച് മുസ്ലിം വിശ്വാസികൾ ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ നാട്ടുകാരും വിവിധ സംഘടനകളും കുട്ടികൾക്ക് നൽകിയ ഭക്ഷണപദാർത്ഥങ്ങളുടെയും കുടിവെള്ളത്തിന്റെയും ബോട്ടിലും പ്ലാസ്റ്റിക് കവറുകളുമാണ് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നത്. എന്നാൽ അതെല്ലാം മാറ്റി പരിസരം ശുചീകരിച്ചതോടെ പരിസ്ഥിതി സംരക്ഷിക്കുക എന്ന നബിദിന സന്ദേശമാണ് കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ പ്രാവർത്തികമാക്കിയത്. ചിറയിൻകീഴ് കേന്ദ്രമായി പ്രവർത്തിക്കുന്ന കുന്നിൽ കട ചാരിറ്റബിൾ ട്രസ്റ്റ് ഇതിനോടകം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും  മാതൃകാ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.