Search
Close this search box.

ആറ്റിങ്ങൽ വാർത്ത ഇംപാക്ട്: മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ തടസ്സങ്ങൾ നീക്കി

eiUTYB963115

ആറ്റിങ്ങൽ : ചെയ്യേണ്ടത് എന്താണെന്ന് ചൂണ്ടി കാണിച്ചാൽ ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന ആറ്റിങ്ങലിലെ അധികാരികൾ അത് ഒരു മടിയും കൂടാതെ തന്നെ ചെയ്യും എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ തടസ്സങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് രാവിലെ തന്നെ തടസ്സങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. അറിയാതെ പോകുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ഉത്തരവാദിത്വ ബോധത്തോടെ അത് ഏറ്റെടുത്ത് നടപടി സ്വീകരിക്കുന്ന അധികാരികളെ ആണ് എന്നും പൊതുജനങ്ങൾക്ക് ഇഷ്ടം.

 

ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടാറിംഗ് പണികൾ പൂർത്തീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മെറ്റലും പാറയും മണ്ണും മാറ്റാതിരുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാണ് ചൂണ്ടിക്കാണിച്ചത്. സ്റ്റാൻഡിനുള്ളിൽ ഫുട്പാത്തിൽ കൂട്ടി വെച്ചിരിക്കുന്ന പാറക്കൂട്ടം കാലിൽ തട്ടി യാത്രക്കാർ വീഴുന്നതായും യാത്രക്കാർക്ക് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കാൻ പാറക്കൂട്ടവും മണലും ആസൗകര്യമാണെന്നും സ്റ്റാൻഡിനുള്ളിലെ കടകൾക്ക് മുൻപിൽ ഇത്തരം പാറയും മണ്ണും ഉള്ളതിനാൽ കച്ചവടത്തെയും മോശമായി ബാധിക്കുന്നതായും ബസ്സുകൾക്ക് സുഗമമായി കയറാനും ഇറങ്ങാനും കഴിയുന്നില്ലെന്നും പൊതുജനത്തിന്റെ പരാതിയെ തുടർന്നാണ് വാർത്ത ചെയ്തത്.

കാലങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ടാറിങ് ചെയ്തു നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് പാറയും മെറ്റലും മണലും എല്ലാം അവിടവിടെയായി കാണപ്പെട്ടത്. ടാറിങ് കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവ മാറ്റാൻ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിൽ ആയിരുന്നു. നിലവിൽ പാറക്കൂട്ടങ്ങളും മറ്റു മാറ്റിയെങ്കിലും വെഞ്ഞാറമൂട് ഭാഗത്തെ ബസ്സുകൾ ഇറങ്ങുന്ന സ്ഥലത്ത് കൂട്ടി വെച്ചിരിക്കുന്ന മണൽ മാറ്റാൻ ബാക്കിയാണ്. അതും ഉടൻ മാറ്റുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സൗകര്യം കുറവാണെന്നു നേരത്തെ ആക്ഷേപമുണ്ട്. ഒരേ സമയം സ്റ്റാൻഡിൽ എത്തുന്ന ബസ്സുകൾക്ക് സ്ഥല പരിമിതി ഒരു ബുദ്ധിമുട്ട് തന്നെയാണ്. ആറ്റിങ്ങൽ മാമത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റുമെന്ന് വർഷങ്ങളായി പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അവിടെ ഒരു ബോർഡ്‌ സ്ഥാപിച്ചതല്ലാതെ പ്രത്യേകിച്ച് നടപടികൾ ഒന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!