ചുവപ്പ് നിറം ഷർട്ട് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ : വർക്കലയിൽ നിന്നുള്ള കാഴ്ച…

വർക്കല : കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും ഇളം നീല നിറം ഷർട്ടും കടുംനീല നിറം പാന്റുമാണ് യൂണിഫോം. മറ്റുള്ളവർ കാക്കി വസ്ത്രത്തിൽ ഇറങ്ങുമ്പോൾ കെഎസ്ആർടിസി ജീവനക്കാരുടെ നീല യൂണിഫോം ഒരു പ്രത്യേകത തന്നെയാണ്. ജോലി സമയത്ത് യൂണിഫോം ധരിക്കുക എന്നത് പാലിക്കപ്പെടേണ്ട നിയമവുമാണ്. നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കാൻ ഓരോരോ വകുപ്പുകളും ഉണ്ട്. എന്നിട്ടും ചുവപ്പ് നിറം ഷർട്ട് ധരിച്ച കെഎസ്ആർടിസി ഡ്രൈവറെ ഉദ്യോഗസ്ഥർ ആരും കണ്ടില്ലേ എന്നാണ് യാത്രക്കാരുടെ ചോദ്യം.

ഇന്ന്‌ രാവിലെ ആറ്റിങ്ങൽ ഡിപ്പോയിലെ ആർ.എസ്.സി 695 വേണാട് ബസ് 11.25നു വർക്കല മൈതാനത്ത് എത്തിയപ്പോഴാണ് ഡ്രൈവറുടെ ഷർട്ടിന്റെ നിറം ക്യാമറയിൽ പതിഞ്ഞത്. ആറ്റിങ്ങൽ മുതൽ വർക്കല വരെ എത്തിയിട്ടും ഉദ്യോഗസ്ഥർ ആരും ശ്രദ്ധിച്ചില്ലേ, അതല്ല ശ്രദ്ധിക്കാത്തത് പോലെ നടിക്കുകയാണോ എന്നാണ് ഒരു യാത്രക്കാരൻ ചോദിച്ചത്. ഓട്ടോ ഡ്രൈവർമാരും, സ്വകാര്യ ബസ് ജീവനക്കാരും കാക്കി യൂണിഫോം ധരിക്കാതെ പോയാൽ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് ഉടൻ തന്നെ നിയമം നടപ്പിൽ വരുത്തുന്നവർക്ക് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ നടപടി കൈക്കൊള്ളാൻ കഴിയുന്നില്ലേ എന്നും ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നു.

ഇതിനുമുമ്പും പലപ്പോഴും ഇത്തരത്തിൽ പലനിറത്തിലുള്ള ഷർട്ടുകൾ ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് യാത്രക്കാർ പറയുന്നു.

2019 ഡിസംബർ 2ന് വർക്കലയിൽ നിന്ന് പകർത്തിയ ഫോട്ടോ

നിയമം അത് എല്ലാവർക്കും തുല്യമാണ്, ഒരുപോലെ ബാധകമാണ്. ഇത്തരത്തിലുള്ള കാഴ്ചകൾ കണ്ടാൽ നടപടി സ്വീകരിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. കൂടാതെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ സ്വകാര്യ ബസ്സുകളിലെന്ന പോലെ കെഎസ്ആർടിസി ബസുകളുടെയും ഡോറുകൾ കൃത്യമായി അടച്ചു തന്നെയാണോ സർവീസ് നടത്തുന്നത് എന്നും പരിശോധന നടത്തേണ്ടതുണ്ട്.