വസ്ത്രശാലയിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചു : പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട് : 2019 ഡിസംബർ 22ന് തിയതി രാത്രി 10 മണിയോടെ നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിനു സമീപമുള്ള വസ്ത്രശാലയിൽ അതിക്രമിച്ചുകയറി കടയിലെ ജീവനക്കാരായ ചെറുപ്പക്കാരെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും മറ്റു വാഹനങ്ങളും അടിച്ചു തകർക്കുകയും സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ആനാട് വില്ലേജിൽ ഇരിഞ്ചയം താന്നിമൂട്  പാറയടി വിളാകത്തു വീട്ടിൽ അപ്പുവിന്റെ മകൻ വിഷ്ണു(28), നെടുമങ്ങാട് വില്ലേജിൽ പി.എസ്. നഗർ ഹൗസ് നമ്പർ 63ൽ ദിലീപിന്റെ മകൻ ഷിജിൻ(28),  ആനാട് വില്ലേജിൽ കൊല്ലങ്കാവ്  കാളീകോണത്തു പുത്തൻ വീട്ടിൽ തങ്കപ്പന്റെ മകൻ അരുൺ(28), നെടുമങ്ങാട് വില്ലേജിൽ ഉളിയൂർ അംബിക വിലാസത്തിൽ ശ്രീകുമാരൻ നായരുടെ മകൻ അനന്ദു എന്നു വിളിക്കുന്ന നന്ദു(24) എന്നിവരെയാണ്  നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ പ്രതിയായ മഞ്ച കുരിശടിക്കു സമീപം വാടകക്കു താമസിക്കുന്ന ബഷീറിന്റെ മകൻ സുനീർ ഖാനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു.  നിരവധി ക്രിമിനൽ കേസിലെ പ്രതികളായ ഇവർ എറണാകുളത്തും കർണാകടയിലെ വിവിധ സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ ശേഷം നെടുമങ്ങാട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.  നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട്  കീലറുടെ നിർദേശാനുസരണം  നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ  വി. രാജേഷ് കുമാർ , എസ് ഐ. മാരായ  സുനിൽ ഗോപി, ശ്രീകുമാർ, പോലീസുകാരായ സനൽരാജ്, രാജേഷ്,  സത്യൻ, ജയകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.