ആറ്റിങ്ങൽ ദേശീയ പാത വികസനം : പോസ്റ്റ്‌ ഓഫീസ് സ്ഥലം വിട്ട് കിട്ടുന്നതിന് എംപി കത്ത് നൽകി

ആറ്റിങ്ങൽ : ആറ്റിങ്ങൽ ദേശീയ പാത വികസനത്തിന് വിലങ്ങുതടിയായി നിലകൊള്ളുന്ന കച്ചേരി ജംഗ്ഷനിലെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥലം വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തപാൽ വകുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കത്ത് നൽകി.

ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫിസിന്റെ സ്ഥലം വിട്ട് കിട്ടാത്തത് ദേശീയ പാത വികസനത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആറ്റിങ്ങൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയാണ് വികസനം നടക്കുന്നത്. ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ജനങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്താനാണ് തീരുമാനം. 2020 ജനുവരി 30ന് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ പൂവമ്പാറ ഹോമിയോ ആശുപത്രിക്ക് സമീപം നിർമാണ പ്രവർത്തനങ്ങൾക്ക് തേങ്ങ ഉടച്ച് തുടക്കം കുറിച്ചിരുന്നു. രാത്രികാല നിർമാണമാണ് നടക്കുന്നത്. ആയതിനാൽ ഫെബ്രുവരി 5 മുതൽ ഇവിടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

പോസ്റ്റ്‌ ഓഫീസ് സ്ഥലം വിട്ട് കിട്ടിയില്ലെങ്കിൽ കച്ചേരി ജംഗ്ഷനിൽ എത്തുമ്പോൾ റോഡ് കുപ്പിക്കഴുത്ത് പോലെ ചുരുങ്ങും. സ്ഥലം വിട്ടുകിട്ടുമെന്നാണ് പൊതുജനം പ്രതീക്ഷിക്കുന്നത്.