വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ഇവർക്ക് വേണ്ട സഹായം എത്തുന്നില്ല : ഈ കുടുംബത്തെ സഹായിക്കണം

ചെമ്പൂര് : ജനിതക തകരാറ് കാരണം ശാരീരിക വളർച്ചയോ ചലന ശേഷിയോ ഇല്ലാത്ത രണ്ടു കുരുന്നുകളുമായി വിധിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഒരു കുടുംബം. നിരവധി തവണ ദൃശ്യ പത്ര മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും ഇപ്പോഴും സഹായം പൂർണമാകുന്നില്ല. മാത്രമല്ല ഇപ്പോൾ ആശുപത്രി ചെലവും കൂടി വരുന്നു. മുദാക്കൽ പഞ്ചായത്തിലെ 11-ാം വാർഡിലെ 106-ാം നമ്പർ വീട്ടിൽ ചെമ്പൂർ കുളക്കോട് അനുഗ്രഹയിൽ ജയകുമാർ – ബിന്ദു ദമ്പതികളാണ് മക്കളായ ദേവിക (20), ഗോപിക (10) എന്നിവരുടെ രോഗത്താൽ വലയുന്നത്. ദേവികയ്ക്ക് വിവാഹപ്രായമെത്തിയിട്ടും നാലു വയസുകാരിയുടെ വളർച്ചപോലുമില്ല. മുറ്റത്ത് ഓടിക്കളിക്കേണ്ട പ്രായത്തിൽ വേദനകൊണ്ടു വലിഞ്ഞുമുറുകി നിലവിളിക്കുകയാണ് ഗോപിക.

ഹേൾ സിൻഡ്രോം എന്ന തകരാറാണ് ഈ കുട്ടികളെ ബാധിച്ചത്. ദേവികയ്ക്ക് ഇപ്പോൾ ഇടയ്ക്കിടെ ജന്നി വരും, കൂടാതെ മിക്കപ്പോഴും അബോധാവസ്ഥയിലുമാണ്. ചില നേരങ്ങളിൽ അക്രമവാസനയുമുണ്ട്. ജനിച്ചപ്പോൾ സാധാരണ കുട്ടികളെപ്പോലെയായിരുന്നു ഇരുവരും. ദേവിക കുഞ്ഞായിരിക്കുമ്പോൾ അടിക്കടി പനി ബാധിച്ചിരുന്നു. ഇതിന് തുടർച്ചയായി ചികിത്സിച്ചുകൊണ്ടിരിക്കെയാണ് ഒന്നര വയസുള്ളപ്പോൾ ജനിതകത്തകരാറ് കണ്ടെത്തിയത്. പിന്നീടങ്ങോട്ട് പൊന്നുമോളെ രക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ ദമ്പതികൾ. പല മികച്ച ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ നിരവധി പരിശോധനകൾ നടത്തിയിരുന്നു. മിടുക്കിയായി ഓടിച്ചാടി നടന്ന ഗോപിക അച്ഛനമ്മമാരുടെ ജീവിതത്തിന് പുതിയവെളിച്ചം പകർന്നു. ഗോപികയ്ക്കും തുടരെത്തുടരെ അസുഖങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവികയുടെ രോഗം ഗോപികയെയും പിടികൂടിയെന്നറിഞ്ഞത്. ഇതോടെ ഈ മാതാപിതാക്കൾ ആകെ തകർന്നു. കുട്ടികളുടെ ചികിത്സയ്ക്കായി വിദേശത്തെ ജോലിയുപേക്ഷിച്ച് ജയകുമാർ നാട്ടിൽവന്നു. ലക്ഷങ്ങളുടെ കടങ്ങളുണ്ട് ഈ കുടുംബത്തിന്. കുട്ടികളുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കുമായി പ്രതിമാസം 25, 000 രൂപയിലധികം വേണം. രണ്ടുകുട്ടികൾക്കുമൊപ്പം എപ്പോഴും വേണമെന്നതിനാൽ ബിന്ദുവിന് പുറത്തുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.മാത്രമല്ല ഇപ്പോൾ ദേവികയുടെ രോഗാവസ്ഥ മൂർച്ഛിച്ച അവസ്ഥയിലാണ്. അതുകൊണ്ട് ഈ കുടുംബം ആകെ വിഷമത്തിലാണ്. സർക്കാരിൽ നിന്ന് കുട്ടികൾക്ക് പെൻഷൻ ലഭിക്കുന്നതൊഴിച്ച് മറ്റു സഹായങ്ങളൊന്നും കിട്ടിയിട്ടില്ല. സുമനസുകളുടെ കാരുണ്യത്തിന്റെ കരങ്ങൾ തങ്ങൾക്കുനേരേ നീളുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

സഹായമെത്തിക്കാൻ ബാങ്ക് ഒഫ് ഇന്ത്യയുടെ വെഞ്ഞാറമൂട് ശാഖയിൽ  അക്കൗണ്ട് തുറന്നിട്ടുണ്ട്.

അകൗണ്ട് പേര് : ദേവിക ജെ.ബി / ബിന്ദു
അകൗണ്ട് നമ്പർ : 67232278771
ഐ.എഫ്.എസ്.സി കോഡ് :SBIN0070254.

വിലാസം :

ഒ. ബിന്ദു, അനുഗ്രഹ,
കുളക്കോട്, മുദാക്കൽ.പി.ഒ.
ചെമ്പൂർ.
ഫോൺ: 9048595051.