കടയ്ക്കാവൂർ: മണനാക്കിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം പണം അപഹരിച്ച കേസിൽ മൂന്ന് പേർ കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. പെരുങ്കുളം മിഷൻ കോളനിയിൽ താമസിക്കുന്ന വർഗീസ് തമ്പി എന്ന വർഗീസിനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ച ശേഷം ഇയാളുടെ 68,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇൗമാസം 25ന് ആണ് കേസിനാസ്പദമായ സംഭവം .
ഒരപകടത്തിൽ വർഗീസിന് ഇൻഷ്വറൻസ് തുകയായി ഒരുലക്ഷം രൂപ കിട്ടിയിരുന്നു. ഇതാണ് തട്ടിയെടുത്തത്. ഇൗകേസിൽ പെട്ട നാലു പ്രതികളിൽ രണ്ട് പേരാണ് അറസ്റ്റിലായത്. പ്രതികൾക്ക് അഭയംകൊടുത്തതിനാണ് മറ്റൊരാൾ അറസ്റ്റിലായത്. മേലാറ്റിങ്ങൽ കുണ്ടുകുളം കാണവിളവീട്ടിൽ ജയിൽ ചാടി ബാബു എന്ന ബാബു (56), കരവാരം വില്ലേജിൽ നെടുംപറമ്പ് ദേവികാ ഭവനിൽ രഞ്ജിത്ത് (33) എന്നിവരെയും പ്രതികൾക്ക് അഭയം കൊടുത്ത പെരുങ്കുളം മലവിള പൊയ്ക ഫാത്തിമാ മൻസിലിൽ താഹയെയുമാണ് (26) എസ്.എച്ച്.ഒ ഷെരീഫിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. കടയ്ക്കാവൂർ എസ്.ഐ ഹനീഫ നിസാർ, എ.എസ്.ഐമാരായ മനോഹർ, മുകുന്ദൻ, എസ്.സി.പി.ഒമാരായ ഡീൻ, ശശി, മഹേഷ്, ബിനോജ്, രാജേന്ദ്രപ്രസാദ്, സി.പി.ഒമാരായ ബിനു, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളെ റിമാൻഡ് ചെയ്തു. താഹയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.