ചിറയിൻകീഴിൽ വീട് കയറി ആക്രമിച്ച ശേഷം വീടിന് തീയിട്ടു, വൻ നാശം

ചിറയിൻകീഴ് : ചിറയിൻകീഴിൽ ഒരു സംഘം അതിക്രമിച്ചു വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന വരെ ആക്രമിച്ച ശേഷം വീടിന് തീയിട്ടതായി പരാതി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ചിറയിൻകീഴ് വടക്കേ അരയത്തുരുത്തിൽ ഓമനയുടെ ഉടമസ്ഥതയിലുള്ള കായൽവാരം വീടാണ് കത്തിനശിച്ചത്. വീട്ടിലുണ്ടായിരുന്ന മകന്റെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡ്‌, ബാങ്ക് പാസ്ബുക്ക്, മറ്റ് വിലപ്പെട്ട രേഖകളും വീട്ട് സാധനങ്ങളും കത്തിനശിച്ചു. തീ ആളിക്കത്തി തൊട്ടടുത്ത വീട്ടിലേക്കും തീ പടർന്നെങ്കിലും ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചതിനാൽ കൂടുതൽ നാശവും അപകടവും ഉണ്ടായില്ല.

വീടിന് തീയിട്ടതായി പറയുന്ന എതിർ കക്ഷികളുമായി നേരത്തെ പ്രശ്നം നടന്നിരുന്നതായും അതിന്റെ പക പോക്കലാണോ ഇപ്പോൾ നടന്നതെന്നും അന്വേഷിച്ചു വരുന്നതായി ചിറയിൻകീഴ് പോലീസ് പറഞ്ഞു. വീടിന് തീ ഇടുന്നതിനു മുൻപ് ഒരു സംഘം അതിക്രമിച്ചു കയറി വീട്ടിലുള്ളവരെ ആക്രമിച്ചതായും പറയുന്നുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ചിറയിൻകീഴ് എസ് ഐ പറഞ്ഞു