യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

മംഗലപുരം: പള്ളിപ്പുറം എ.എൻ വില്ലയിൽ വാടകയ്ക്കു താമസിക്കുന്ന ഷംനാദ് (23) എന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കരിച്ചാറ കൊടിമൂലത്തോപ്പ്‌ വീട്ടിൽ സന്തോഷ്‌ കുമാർ (40) നെയാണ് മംഗലാപുരം പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 5 ന് കരിച്ചാറ വച്ചാണ് സംഭവമുണ്ടായത്. സുഹൃത്തുക്കളായ ഇവർ മദ്യപിക്കുന്നതിന് കൂടെ കൂട്ടാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് ഷംനാദിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് കരിച്ചാറ ക്ഷേത്രത്തിലെ ഉത്സവത്തിന് നാട്ടിൻ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.

വിവരം ലഭിച്ച പോലീസ് ഇന്നലെ രാവിലെ 6 മണി മുതൽ പ്രതിയെ പിടിക്കാൻ ശ്രമം തുടങ്ങിയെങ്കിലും വൈകുന്നേരം 4 മണിയോടെയാണ് ഇയാൾ പിടിയിലായത്. പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടയിൽ ഇയാൾ ഓടി രക്ഷപ്പെടുകയും പോലീസുകാർക്ക് ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ പ്രതി കൈയിലിരുന്ന കത്തിയെടുത്ത് സ്വയം കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബേബിയുടെ നിർദേശാനുസരണം മംഗലാപുരം ഇൻസ്‌പെക്ടർ പി.ബി.വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ തുളസീധരൻ, സനൽ കുമാർ, ജി.എസ്.ഐമാരായ യാഖീയാ ഖാൻ, രാധാകൃഷ്ണൻ, സിപിഒമാരായ അപ്പു, അസീം, ശാലു, ഹരി, അധീഷ്‌, സതീഷ് കുമാർ എന്നിവർ ചേർന്നാണ് സന്തോഷിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.