നാവായിക്കുളത്ത് പട്ടാപ്പകൽ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് കവർച്ച

നാവായിക്കുളം: നാവായിക്കുളത്ത് പട്ടാപ്പകൽ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് കവർച്ച. നാവായിക്കുളം കപ്പാംവിള അജ്മൽ മൻസിലിൽ ജാൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 11നും 12 നുമിടയ്ക്ക് കവർച്ച നടന്നത്. ജാൻസി മക്കളുമായി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനു പോയ സമയത്താണ് സംഭവം. ചടങ്ങുകൾ കഴിഞ്ഞ്‌ ജാൻസി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുകണ്ട് അകത്ത് ആളുണ്ടാകുമെന്ന് കരുതി ഭയന്ന് സമീപവാസികളെ വിളിച്ചു കൂട്ടി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പരിശോധന നടത്തി. അടുക്കള വാതിലിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ രണ്ട് അലമാര കുത്തിത്തുറന്ന് 15000 രൂപയോളം കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ജാൻസി ധരിച്ചുകൊണ്ടുപോയതിനാൽ നഷ്ടമായില്ല.

രണ്ടു ദിവസം മുൻപ് രാത്രിയിൽ ഡീസന്റ് മുക്കിൽ ഹോമിയോ ഡോക്ടറുടെ വീട്ടിലും കവർച്ചാശ്രമം നടന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അഞ്ചോളം വീടുകളിൽ നിന്ന് റബ്ബർ ഷീറ്റുകളും മോഷണം പോയിരുന്നു.