തെങ്ങുംവിള ക്ഷേത്രത്തിൽ ഗരുഡൻ തൂക്കത്തോടെ ഉത്സവം സമാപിച്ചു

മുടപുരം:ദേവിയുടെ ഇഷ്ട വഴിപാടായ ഗരുഡൻ തൂക്കത്തോടെ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്നലെ സമാപിച്ചു.ഉച്ചക്ക് ഒരുമണിയോടെയാണ് രണ്ടു വില്ലുകളിലായി ഗരുഡൻ തൂക്കം നടന്നത്.327 ദേവീ ഭക്തർ വില്ലിൽ തൂങ്ങി ദേവിക്ക് സ്വയം സമർപ്പിയ്ക്കുന്ന ചടങ്ങാണ് ഗരുഡൻ തൂക്കം.ഈ വിശിഷ്ട ചടങ്ങ് വീക്ഷിക്കുവാൻ ആയിരങ്ങൾ ക്ഷേത്രത്തിൽ എത്തി. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാവിലെ 9 ന് തൂക്ക വ്രതക്കാർ ചമയം പൂർത്തിയാക്കിയതോടെ ക്ഷേത്രത്തിന്റെ വടക്കേനടയിൽ നിന്ന് എഴുന്നെള്ളത്ത് ആരംഭിച്ചു.താലപ്പൊലി,മുത്തുക്കുട ബാലികാ ബാലന്മാർ,തൂക്ക വ്രതക്കാർ,തിടമ്പേറ്റിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ വിവിധ കരകൾ സന്ദർശിച്ച് ഉച്ചക്ക് ഒരുമണിയോടെ ഘോഷയാത്ര ക്ഷേത്രത്തിൽ തിരികെ പ്രവേശിച്ചു.ഘോഷയാത്രയെ സ്വീകരിക്കുവാൻ വിവിധ കരകളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ നിറപറയും നിലവിളക്കും ഒരുക്കി വരവേറ്റു .ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം ഗരുഡൻ തൂക്കം ആരംഭിച്ചു.26 ന് വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ എത്തിയ തൂക്ക വ്രതക്കാർ വ്രതം നോറ്റ് ക്ഷേത്രത്തിൽ നിന്നും നൽകിയ കവി വസ്ത്രം ധരിച്ഛ് , ഭക്ഷണം കഴിച്ച് അവിടെ തങ്ങിയാണ് ഗരുഡൻ തൂക്ക വഴിപാട് സമർപ്പിച്ചത്.ഗരുഡൻ തൂക്കം രാത്രി 9 മണി വരെ നീണ്ടു.രാത്രി 11 ന് നടന്ന ചമയ വിളക്കിന് ശേഷം കൊടിയിറക്കി.ഇന്ന് രാത്രി 7 .30 ന് ഗുരുസി നടക്കും.