മുരുക്കുംപുഴ ഇടവിളാകത്ത് ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു, ലൈഫിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി..

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്തിൽ മുരുക്കുംപുഴ ഇടവിളാകം പടിഞ്ഞാറ്റു വിള വീട്ടിൽ ശ്രീകലയുടെ വീടിന്റെ ഒരു ഭാഗം കാറ്റത്തും മഴയത്തും തകർന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയ ഇവർ വീട്ടു ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളർത്തുന്നത്. പല ഗ്രാമസഭകളിലും വീടിന് അപേക്ഷ നൽകി കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. വീടെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ ലൈഫ് പദ്ധതിപ്രകാരം വീടിന് അപേക്ഷ നൽകി കാത്തിരിക്കുന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേങ്ങോട് മധു, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ വീട് സന്ദർശിച്ചു. വാർഡ് അംഗവും ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റും ആയ സുമ ഇടവിളാകം പറയുന്നത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്രയും പെട്ടന്ന് വീട് അനുവദിച്ചു നൽകുമെന്നാണ്. തൽക്കാലം ഇവരെ മാറ്റി താമസിപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി.