പ്രവർത്തി സമയം കഴിഞ്ഞാൽ സ്കൂൾ ഗേറ്റ് പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, കിളിമാനൂർ സ്വദേശിയുടെ പരാതിയിലാണ് ഉത്തരവ്

 

ആറ്റിങ്ങൽ : എസ് കെ വി യു പി സ്കൂളിന്റെ ഗേറ്റ് സ്കൂൾ പ്രവർത്തി സമയം കഴിഞ്ഞാൽ പൂട്ടുന്നുണ്ടോയെന്ന് ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സ്കൂൾ ഗേറ്റ് പ്രവർത്തി സമയം കഴിഞ്ഞും തുറന്നുകിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

സ്കൂൾ സമയം കഴിഞ്ഞാൽ ഗേറ്റ് പൂട്ടണമെന്ന് കമ്മീഷൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്കൂളിലെ കളി സ്ഥലം വൈകിട്ട് 5 മുതൽ 6 വരെ പൂർവവിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമാധ്യാപികക്ക് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കമ്മീഷൻ അറിയിച്ചു. എന്നാൽ സ്കൂൾ ഗേറ്റ് ഇപ്പോഴും പൂട്ടാറില്ലെന്ന് പരാതിക്കാരനായ കിളിമാനൂർ സ്വദേശി മനോഹരൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ ഉത്തരവ്.