Search
Close this search box.

ചിറയിന്‍കീഴ് റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു

eiZ2QRA43615

 

ചിറയിന്‍കീഴിന്റെ സമഗ്രവികസനത്തിന് വാതില്‍ തുറക്കുന്ന, നാടിന്റെ എക്കാലത്തേയും അഭിലാഷമായ ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നു. ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം  ജനുവരി 23 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തടസ്സരഹിത റോഡ് ശൃംഖല – ലെവല്‍ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണം.

ചിറയിന്‍കീഴ് – കടയ്ക്കാവൂര്‍ റോഡില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗേറ്റിന് മുകളിലൂടെയാണ് മേല്‍പ്പാലം കടന്നു പോകുന്നത്. മേല്‍പാലത്തിന്റെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജനവാസം കൂടുതലുള്ള പ്രദേശമായതിനാല്‍ സ്ഥലം ഏറ്റെടുക്കലായിരുന്നു ആദ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ 88 ഭൂ ഉടമകളില്‍നിന്ന് 1.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. എ ക്ലാസും ബി ക്ലാസുമായി തരംതിരിച്ചാണ് ഭൂമിയുടെ വില നിശ്ചയിച്ചത്. 13 കോടിയോളം രൂപ ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ വില ഉടമകള്‍ക്ക് പൂര്‍ണമായും നല്‍കുകയും സ്ഥലം ഏറ്റെടുത്ത് പദ്ധതിക്കായി വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ട്. റവന്യു ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക്, എക്സൈസ്, പഞ്ചായത്ത്, സബ് രജിസ്റ്റര്‍ ഓഫീസുകളുടെ ഭൂമിയും ഏറ്റെടുത്തു പൊതുമരാമത്തു വകുപ്പിന് കൈമാറിക്കഴിഞ്ഞു. ജില്ലാ കളക്ടര്‍ അംഗമായ കമ്മിറ്റിയാണ് സ്ഥലം ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയത്.

എസ്.പി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല. രൂപരേഖയനുസരിച്ച് പ്രീ-ഫാബ്രിക്കേറ്റഡ് നിര്‍മാണരീതിയാണ് അവലംബിക്കുന്നത്. വേഗത്തില്‍ പണി പൂര്‍ത്തിയാക്കുന്നതിന് പൂര്‍ണമായും ഉരുക്കിലാണ് നിര്‍മാണം. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ സാധിക്കും.

ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് മുഖ്യ അതിഥിയാകും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ശിലാഫലകം അനാച്ഛാദനം ചെയ്യും. അടൂര്‍ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളീധരന്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!