മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണ്മാനില്ല, ഒരാൾക്ക് പരിക്ക്

 

പെരുമാതുറ : പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി.മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ മകൻ ക്രിസ്റ്റിൻ രാജ് (19) നെയാണ് കാണാതായത്. വള്ളത്തിൽ ഉണ്ടായിരുന്ന അൻസാരി എന്നയാൾക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെ 5 മണിയോടെ പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിൽ 4 പേർ അടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവേ ഹാർബറിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന അൻസാരി, സുജിത്ത്, സുജിൻ എന്നിവർ നീന്തി രക്ഷപെട്ടെങ്കിലും ക്രിസ്റ്റിൽ രാജ് കടലിൽ അപ്രത്യക്ഷമായി. നീന്തി രക്ഷപ്പെട്ട അൻസരിയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും വിഴിഞ്ഞം മറൈയ്ൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.