സഹോദരങ്ങളുടെ സഹപാഠിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ വാങ്ങി നൽകി ആറാം ക്ലാസ്സുകാരി

 

മംഗലപുരം : കൂടപ്പിറപ്പുകളുടെ സഹപാഠിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ വാങ്ങി നൽകി ആറാം ക്ലാസ്സുകാരി ഹുസ്ന ഫാത്തിമ. സഹോദരങ്ങളായ മുഹമ്മദ് അലി ഹസനും മുഹമ്മദ് അലി ഹുസൈനും തോന്നയ്ക്കൽ ഗവ .എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസിലെ വിദ്യാർഥികളാണ്. ഹുസ്ന ഫാത്തിമ അഞ്ചാം ക്ലാസുവരെ ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവരുടെ സഹപാഠി സ്കൂളിനു സമീപം താമസിക്കുന്ന വിദ്യാർത്ഥിയ്ക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ല എന്ന വിവരം സ്കൂൾ അധ്യാപകരിൽനിന്നുമാണ് ഹുസ്ന അറിഞ്ഞത്. സഹപാഠിയുടെ വീട് ഇപ്പോഴത്തെ മഴയിലും കാറ്റിലും തകർന്നിരുന്നു. സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച വെച്ചിരുന്ന തുക മൊബൈൽഫോൺ വാങ്ങി നൽകാൻ തയ്യാറാണെന്ന് ഹുസ്ന സ്കൂൾ അധികൃതരെ അറിയിച്ചു.
ഹുസ്ന നൽകിയ തുകയും സ്കൂൾ അധികൃതർ കുറിച്ചു തുകയും ശേഖരിച്ച് രണ്ടാം ക്ലാസുകാരന് മൊബൈൽഫോൺ വാങ്ങി നൽകി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, സെക്രട്ടറി ജി.എൻ ഹരികുമാർ, സ്കൂൾ ഇൻ ചാർജ് പ്രഥമാധ്യാപിക ബീന എന്നിവർ പങ്കെടുത്തു. പതിനാറാം മൈൽ പൊയ്കയിൽ ദാറുൽ ഹസ്നയിൽ നിസാമുദ്ദീൻ- ഫാത്തിമ ബീഗം ദമ്പതികളുടെ മകളാണ് ഹുസ്ന ഫാത്തിമ. ഹുസ്നയുടെ പിതാവ് വീടിനു സമീപത്ത് പലചരക്ക് കട നടത്തുന്നയാളാണ്.