തട്ടത്തുമലയിൽ റവന്യൂ പുറംമ്പോക്ക് ഭൂമിയിൽ നിന്ന അക്കേഷ്യ മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം

 

പഴയകുന്നുമ്മേൽ: തട്ടത്തുമലയിൽ റവന്യൂ പുറംമ്പോക്ക് ഭൂമിയിൽ നിന്ന അക്കേഷ്യ മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം.പഴയകുന്നുമ്മേൽ വില്ലേജിൽ തട്ടത്തുമല ശാസ്താം പൊയ്കയിലെ അഞ്ചേക്കറോളം വരുന്ന റവന്യൂ പുറംമ്പോക്ക് ഭൂമിയിൽ നിന്ന ലക്ഷങ്ങൾ വില കണക്കാക്കുന്ന ആറ് അക്കേഷ്യ മരങ്ങളാണ് കടത്താൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച രഹസ്യ വിവരം വില്ലേജാഫീസർക്ക് ലഭിക്കുകയും അടിയന്തിരമായി ഇടപെട്ട് തടി കടത്താനുള്ള ശ്രമം തടയുകയായിരുന്നു. തുടർന്ന് താലൂക്ക് സർവ്വേ വിഭാഗത്തിന് റിപ്പോർട്ട് നൽകുകയും സർവ്വേ വിഭാഗം സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും മുറിച്ചു മാറ്റിയ മരങ്ങൾ റവന്യൂ പുറംമ്പോക്ക് ഭൂമിയിലേതാണെന്ന് കണ്ടെത്തുകയും ചെയ്തു. കടത്താൻ ശ്രമിച്ച തടികൾ റവന്യൂ അധികൃതർ നമ്പർ ഇട്ട് പോലീസിന് കൈമാറി. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെങ്കിൽ റവന്യൂ അധികൃതരുടെ അനുബന്ധ റിപ്പോർട്ട് ലഭിയ്ക്കണമെന്ന് പോലീസ് വ്യക്തമാക്കി. മരം മുറിച്ചതായി സംശയിക്കുന്നയാളുടെ പേരിൽ പോലീസിൽ പരാതി നൽകിയതായി റവന്യൂ അധികൃതർ അറിയിച്ചു.