അർദ്ധരാത്രി വീടുകയറി ആക്രമണം നടത്തിയ പ്രതികളെ മാരകായുധങ്ങളുമായി പോത്തൻകോട് പോലീസ് പിടികൂടി

 

പോത്തൻകോട് : വെമ്പായം മുറമേൽ ഓട്ടോ ഡ്രൈവറായ സുനിലിന്റെ വീടുകയറി ആക്രമിക്കുകയും ചോദ്യം ചെയ്ത സുനിലിന്റെ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻ വീട്ടിൽ സജിയുടെ മകൻ സിബി(28), മണ്ണന്തല കുളപറക്കോണം രാജ് നിവാസിൽ സുരേന്ദ്രന്റെ മകൻ അനന്തു(26) എന്നിവരാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിൽ നിന്നും സുനിലിന്റെ ഭാര്യയ്ക്ക് സിബിയും അനന്തുവും മെസ്സേജ് അയച്ചിരുന്നു. പട്ടത്ത് ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായ സുനിലിന്റെ കൂടെ ഓട്ടോ ഓടിച്ചിരുന്നയാളാണ് സിബി. സിബിയും സുനിലും പരിചയക്കാരാണ്. വ്യാജ ഫേസ്ബുക്കിലെ പ്രൊഫൈലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് സുനിലിന് അത് സിബിയുടെ ഫോൺ നമ്പർ ആണെന്ന് മനസ്സിലായത്. തുടർന്നു സുനിൽ സിബിയെ ഫോണിൽ വിളിച്ച് ഭാര്യയ്ക്ക് മോശം മെസ്സേജ് അയച്ചത് ചോദ്യം ചെയ്യുകയും ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് സുനിലിന്റെ വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.

വട്ടപ്പാറ ഒരു വീട്ടിൽ സംഭവശേഷം ഒളിവിൽ താമസിച്ചു വരുകയായിരുന്നു പ്രതികൾ.മദ്യപിച്ച ശേഷം ബൈക്കിൽ എത്തിയ സിബിയും അനന്തുവും അർദ്ധരാത്രി 12 മണിയോടെ ആക്രമണം നടത്തുകയായിരുന്നു. പ്രതികളെ അതി സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.

വട്ടപ്പാറയിലെ ഒരു വീട്ടിൽ മദ്യപിച്ച് കഞ്ചാവും വലിച്ചിരുന്ന് പ്രതികളെ പിടികൂടുമ്പോൾ അവരുടെ കൈവശം മാരകായുധങ്ങളും ഉണ്ടായിരുന്നു. തന്റെ സഹോദരനായ ശ്രീകാര്യം കൊലക്കേസിലെ പ്രതിയായ എബിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘം തന്നെയും അപായപ്പെടുത്തുമെന്നും അതുകൊണ്ട് സ്വയരക്ഷയ്ക്ക് ആയിട്ടാണ് ആയുധംകൊണ്ട് നടക്കുന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. വീട്ടിൽ 5 പേരുണ്ടായിരുന്നു.ഇവരുടെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നു. കേസിൽ പ്രതി അല്ലാത്ത മൂന്നു പേരെ അരുവിക്കര പോലീസിന് കൈമാറി.

പോത്തൻകോട് എസ്എച്ച്ഒ ശ്യാമിന്റെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് വിക്രമാദിത്യൻ, എസ്. സി. പി. ഒമാരായ രാജേഷ്, ഉണ്ണികൃഷ്ണൻ, മോഹൻദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു