വിതുര സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം

 

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കാഴ്ച വച്ചതിനു തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി( എ പ്ലസ്‌ ഗ്രെയ്‌ഡും ഒന്നാം സ്ഥാനവും) വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിനെയും,എസ്പിസി യൂണിറ്റിനെയും തിരഞ്ഞെടുത്തു.

ലോക്ക്ഡൗൻ കാലയളവിൽ നടത്തിയ ഒരു വയറൂട്ടാം പദ്ധതി ഉൾപ്പടെയുള്ള മാതൃകാ പ്രവർത്തനങ്ങൾ , കുട്ടിപ്പള്ളിക്കൂടങ്ങളുടെ നിർമാണവും നടത്തിപ്പും, സംസ്ഥാനത്തു ആദ്യമായി എസ്പിസി അമിനിറ്റി സെന്റർ എന്ന പേരിൽ സ്വന്തമായി കെട്ടിടം, സംസ്ഥാനത്തെ എസ്പിസി യൂണിറ്റുകളിൽ ആദ്യത്തെ സ്കിൽ ഹബ്, വിതുര സ്റ്റേഷനിൽ സജ്ജീകരിച്ച ക്യുആർ കോഡ് സംവിധാനത്തോടെയുള്ള ഔഷധ തോട്ടം, വിതുര സ്‌കൂളിലെ അധ്യാപകരുടെയും വിതുര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ പദ്ധതികളിലുള്ള പങ്കാളിത്തം തുടങ്ങിയവ മികച്ച പ്രവർത്തനങ്ങളായി ജൂറി പാനൽ വിലയിരുത്തി.

വിതുര സ്റ്റേഷൻ എസ്.എച്.ഒ എസ്.ശ്രീജിത്ത്, വൈസ്. പ്രിൻസിപ്പൽ സിന്ധു റ്റി. എസ്,പി.റ്റി. എ. പ്രസിഡന്റ് എ. സുരേന്ദ്രൻ, എസ്.എം.സി. ചെയർമാൻ വിനീഷ് കുമാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

നെടുമങ്ങാട്‌ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മെമന്റോ കൈമാറി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി ഇ.എസ്.ബിജുമോൻ ,എ. ഡി.എൻ.ഒ അനിൽ കുമാർ റ്റി. എസ് എന്നിവർ പങ്കെടുത്തു.


സ്കൂൾ വൈസ്. പ്രിൻസിപ്പൽ സിന്ധു റ്റി. എസ്, എസ്.എം.സി.ചെയർമാൻ വിനീഷ് കുമാർ,മുൻ എ. സി.പി.ഒ ഷീജ.വി.എസ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.അൻവർ, പ്രിയ ബിനു , കേഡറ്റ്. ദയ.ആർ.ആർ എന്നിവർ ചേർന്ന് മൊമന്റോ ഏറ്റു വാങ്ങി.