പൂവച്ചലിൽ അനധികൃത കൈയേറ്റങ്ങളും വഴിയോര കച്ചവടവും ഒഴിപ്പിക്കുന്നു

 

പൂവച്ചൽ : പൂവച്ചലിൽ അനധികൃത കൈയേറ്റങ്ങളും വഴിയോര കച്ചവടവും ഒഴിപ്പിക്കുന്നു. ഇന്ന് രാവിലെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനിതാ പൊലീസ് ഉൾപ്പെടെ നൂറോളം പൊലീസ് ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് മുന്നിൽ വഴിയോര കച്ചവടത്തിനായി സ്ഥാപിച്ചിരുന്ന നിർമ്മിതികൾ കച്ചവടക്കാർ തന്നെ നീക്കംചെയ്തു. എന്നാൽ ചൂണ്ടുപലകയിൽ ഗതാഗതത്തിന് തടസമായി ഫലവർഗങ്ങൾ വിൽക്കുന്ന കടയിൽ നിർമ്മിച്ചിരിക്കുന്ന കെട്ട് നീക്കംചെയ്യാൻ ആവശ്യപ്പെട്ട അധികൃതരോട് കടയുടമ കയർക്കുകയും വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്തു. നക്രാംചിറയിൽ ഒഴിപ്പിക്കൽ നടപടിക്കെതിരെ ചിലർ തടസവാദവുമായി എത്തി. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു