ആലംകോട് മീരാൻകടവ് റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തം

 

റോഡ് നിർമാണം ആരംഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണത്തിലെ മെല്ലപ്പോക്കും ആശാസ്ത്രീയതയും നാട്ടുകാരിൽ കടുത്ത അമർഷം ഉണ്ടാക്കുന്നു. അവിടവിടെ വെട്ടിപ്പൊളിച്ച ശേഷം തോന്നിയ പോലെ മണ്ണിട്ട് മൂടിയ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് വലിയ രീതിയിലുള്ള മെയിന്റനൻസ് വർക്ക്‌ ആണ് വരുന്നത്. ഗർഭിണികളും രോഗികളും ഇതുവഴി കടന്നു പോയാൽ എന്ത് അപകടവും സംഭവിക്കാൻ സാധ്യതയുണ്ട്. അത്രത്തോളം ദുരവസ്ഥയിലാണ് റോഡ് തുടരുന്നത്. ആലംകോട് മീരാൻ കടവ് റോഡ് നിർമ്മാണമാണ് ജനങ്ങൾക്ക് മേലുള്ള വെല്ലുവിളിയായി തുടരുന്നത്. യാതൊരുവിധ കണക്ക് കൂട്ടലുമില്ലാതെ തോന്നിയപോലെയാണ് നിർമാണം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന റോഡ് ആയിട്ട് പോലും വേണ്ട ഗൗരവം നൽകാതെ നിർമാണ അലസമായി കാലതാമസം ഉണ്ടാക്കി നീട്ടിക്കൊണ്ട് പോകുന്നതായും നാട്ടുകാർ ആക്ഷേപിക്കുന്നു.

കഴിഞ്ഞ ദിവസം ഈ റോഡിന്റെ നിർമാണ ജോലികളിൽ കണ്ടുവരുന്ന അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തി. വ്യാപാരികളും യാത്രക്കാരും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാൻ ആലങ്കോട് ജംഗ്ഷനിൽ ഒത്തുചേർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റോഡ് പണി കരാറുകാരും നാട്ടുകാരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഓട നിർമാണത്തിലെ അശാസ്ത്രീയതയും നിർമ്മാണ പ്രവൃത്തികളുടെ മെല്ലെപ്പോക്കും ആണ് നാട്ടുകാരിൽ അമർഷം ഉളവാക്കിയത്. കൂടാതെ വാട്ടർ അതോറിറ്റിയുടെ കാര്യക്ഷമതയില്ലായ്മയും നാട്ടുകാർ ചൂണ്ടിക്കാട്ടി. മിക്കയിടങ്ങളിലും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നത് നിത്യസംഭവമാണ്. പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാമെന്ന് കോൺട്രാക്ടേഴ്സ് ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോവുകയായിരുന്നു. റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കി ജനങ്ങൾക്ക് ഗതാഗതസൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു