നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ തള്ളിയ കേസിൽ പ്രതികൾ അറസ്റ്റിൽ

 

നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ തള്ളിയ കേസിൽ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തിൽ മേലേക്കര വീട്ടിൽ സുൽഫി (42), സുനീർ (39), പത്താംകല്ല് ഫാത്തിമ മൻസിലിൽ അയൂബ് (43), അരുവിക്കര, ഇരുമ്പ മുറിയിൽ കുന്നത്ത് നടയിൽ ചേമ്പുവിളകോണത്തിൽ നിഷാ വിലാസത്തിൽ ഷാജഹാൻ (56) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 12-ാം തിയതി രാവിലെ 7 മണിയോടുകൂടി അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജംഗ്ഷനിലെ ചിക്കൻ സ്റ്റാളിൽ ജോലിക്കാരനുമായ മാലിക്കിനെ കടയിൽനിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. സുൽഫിയും സുനീറും മണ്ടക്കുഴി ജംഗ്ഷനിൽ നടത്തി വന്നിരുന്ന ഫർണീച്ചർ ഷോപ്പും തണ്ണിമത്തൻ തട്ടും 11-ാം തിയതി അടിച്ചു തകർത്തത് മാലിക്കും ചേർന്നാണെന്ന് തെറ്റിദ്ധരിച്ചാണ് മാലിക്കിനെ തട്ടിക്കൊണ്ട് പോയത്. മാലിക്കിൻ്റെ നിലവിളി ആൾക്കാർ ശ്രദ്ധിക്കുന്നത് മനസിലാക്കി സത്രംമുക്കിന് സമീപം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മാലിക്കിൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് ഐ.പി.എസിൻ്റെ നിർദേശത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദ് ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി എന്നവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.