വാഹനാപകടത്തെ ചൊല്ലി തർക്കം, കാറിൽ വന്ന കുടുംബത്തെ ആക്രമിച്ച പ്രതികൾ പള്ളിക്കലിൽ അറസ്റ്റിൽ

 

പള്ളിക്കൽ : വാഹനാപകടത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കാറിൽ വന്ന കുടുംബത്തെ ആക്രമിച്ച നാലംഗ സംഘത്തെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ മാങ്കുളം അംബിക വിലാസത്തിൽ
മഹേഷ് (23), മധു ഭവനത്തിൽ മധു (50 ),ശ്രീകല ഭവനത്തിൽ കുമാരൻ (62 ), അന്നപൂർണയിൽ
അനിരുദ്ധൻ (50) എന്നിവരാണ് അറസ്റ്റിലായത്.

2022 ജനുവരി 13ന് രാത്രി 10 അര മണിയോടെ മടവൂർ മാങ്കുളം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്.
പ്രതികൾ സഞ്ചരിച്ച കാർ പെരിങ്ങമ്മല ജവഹർ കോളനി സ്വദേശി മുഹമ്മദ് ആഷിക് ഓടിച്ചുവന്ന കാറിൽ തട്ടി. ഇതിനെ ചോദ്യം ചെയ്ത ആഷികിനെ കാറിൽനിന്നിറങ്ങി നാല് പ്രതികളും ക്രൂരമായി മർദ്ദിച്ചു. ആഷിക്കിന്റെ കൂടെ ഹൃദ്രോഗിയായ പിതാവും സഹോദരിയും ഉണ്ടായിരുന്നു. ഇവരെയും പ്രതികൾ ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിതോടെ പ്രതികൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരുക്കേറ്റ ആഷികിനെ ആശുപത്രിയിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. പ്രതികളെല്ലാം മദ്യപിച്ച നിലയിലായിരുന്നുവെന്നും നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു.

പള്ളിക്കൽ സി.ഐ ശ്രീജിത്ത് പി, എസ്ഐ സഹിൽ എം, എസ്.സി.പി.ഒമാരായ മനോജ്,രാജീവ്, സി.പി.ഒ മാരായ ബിനു,വിനീഷ്,സിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു