‘അമ്മമാരെ കാണാതായ ശേഷം കുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല’; മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം കടന്നുകളഞ്ഞ രണ്ടു സ്ത്രീകളും കാമുകന്മാരും പിടിയിൽ

 

പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം കടന്നുകളഞ്ഞ രണ്ടു സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ.പള്ളിക്കൽ കെ കെ കോണം ഹിബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ(28), വർക്കല,രഘുനാഥപുരം ബി എസ് മൻസിലിൽ ഷൈൻ(38),കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട്, മീനത്തേതിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് അറസ്റ്റിലായത്.2021 ഡിസംബർ 26ന് രാത്രി ഒമ്പതുമണിയോടെയാണ് ജീമയും നാസിയയും പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം കടന്നുകളഞ്ഞത്. ജീമയ്ക്ക് മൂന്നു കുട്ടികളും നാസിയക്ക് ഒരു കുട്ടിയുമാണ് ഉള്ളത്. ഒന്നര, 4, 12 വയസ്സുള്ള കുട്ടികളെയാണ് ജീമ ഉപേക്ഷിച്ചു പോയത്. നാസിയ അഞ്ചു വയസ്സുള്ള കുട്ടിയെയാണ് ഉപേക്ഷിച്ചു കടന്നത്.ഇരുവരുടെയും ഭർത്താക്കന്മാർ വിദേശത്താണ്.

ഭർത്താക്കന്മാർ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിച്ച് കൊണ്ടുപോയി ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പോലീസ് പറയുന്നു.ഷൈൻ ഇതുവരെ അഞ്ച് സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും ഭർത്താക്കന്മാരും കുട്ടികളും ഉള്ളവരായിരുന്നു. ആ കുട്ടികളെല്ലാം ഇപ്പോൾ അനാഥമായ അവസ്ഥയിലാണ്.
കൂടാതെ ഷൈന് എഴുകോൺ, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലും റിയാസിന് കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശൂരനാട് പോത്തൻകോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.അടുത്തിടെ പോത്തൻകോട് അച്ഛനെയും മകളെയും റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചതിൽ മൂന്നു പ്രതികളെ സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച് ഇവരോടൊപ്പം ഇറങ്ങിപ്പോയ സ്ത്രീകളെയും കൊണ്ട് ഇവർ ബാംഗ്ലൂർ,മൈസൂർ,ഊട്ടി, കോയമ്പത്തൂർ, തെന്മല,കുറ്റാലം എന്നീ സ്ഥലങ്ങളിൽ കറങ്ങി നടന്നു. ചെലവിനുള്ള 50,000 രൂപ സ്ത്രീകൾ അയൽവാസികളിൽ നിന്നും കടം വാങ്ങിയിരുന്നു.

അമ്മമാരെ കാണാതായ ശേഷം കൊച്ചു കുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പള്ളിക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.തുടർന്ന് കുറ്റാലത്തുള്ള ഒരു റിസോർട്ടിൽ നിന്നും 4 പേരെയും പോലീസ് പിടികൂടി. ജീമയെയും നാസിയയെയും കാണിച്ചു കൊടുക്കുന്നതിന് ഇരുവരുടെയും ബന്ധുക്കളിൽനിന്നും ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു.കുറ്റാലത്ത് നിന്നും ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലനീതി വകുപ്പ് പ്രകാരം പള്ളിക്കൽ പോലീസ് നടപടി സ്വീകരിച്ചു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥിന്റെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സി.ഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ.എം,എസ്.സി.പി.ഒ രാജീവ്, സിപി.ഒമാരായ ഷമീർ, അജീസ്, മഹേഷ്, ഡബ്ല്യു.സി.പി.ഒ അനു മോഹൻ,ഷംല എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സ്ത്രീകളെയും പുരുഷന്മാരെയും റിമാൻഡ് ചെയ്തു.