ആലംകോട് : വൈകല്യങ്ങളെ അവഗണിച്ചു അക്ഷരങ്ങളുടെ ലോകത്ത് പുത്തൻ വർണനകളുമായി ആലംകോട് പെരുംകുളം സ്വദേശി നജിമ എഴുതി പൂർത്തീകരിച്ച ‘ നക്ഷത്രങ്ങളുടെ താഴ്‌വരയിൽ’ എന്ന കവിതാസമാഹാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഡോ.ഗീത ഷാനവാസിന് നൽകികൊണ്ട് പ്രകാശനം ചെയ്തു.
കവിതകൾ അതിമനോഹരമാണെന്നും ഇനിയും എഴുതണമെന്നും ഡെപ്യൂട്ടി സ്പീക്കർ നജിമയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ ചടങ്ങിൽ പങ്കെടുത്ത രണ്ടു പ്രമുഖ വ്യക്തികൾ ഈ കവിത സമാഹാരം പാട്ടാക്കി സിഡി ഇറക്കുമെന്നും മറ്റൊരാൾ നജിമയെ ഉൾപ്പെടുത്തി ഹ്രസ്വചിത്രം തയ്യാറാക്കുമെന്നും അറിയിച്ചു. ചടങ്ങിൽ നജിമയെ ഡെപ്യൂട്ടി സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം കലാനിധി ഗീത രാജേന്ദ്രൻ ഒരു മൊമന്റോയും ഡോ ഷാനവാസും ഗീത ഷാനവാസും ചേർന്ന് മറ്റൊരു മൊമന്റോയും നജിമയ്‌ക്ക് നൽകി അഭിനന്ദിച്ചു.13 വയസ്സിൽ പിടിപെട്ട ‘മാർഭവൻ സിൻഡ്രം’ എന്ന അപൂർവ രോഗത്തെ 20 വർഷങ്ങൾക്ക് ഇപ്പുറം വീൽചെയറിൽ ഇരുന്ന് എഴുത്തിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും അവഗണിക്കുകയാണ് നജിമ. ഏകദേശം 60 ദിവസം കൊണ്ടാണ് 60 കവിതകൾ അടങ്ങിയ കവിതാ സമാഹാരം പൂർത്തിയാക്കിയത്. തന്റെ ജീവിതാനുഭവങ്ങൾ ഉൾപ്പെയുത്തിയാണ് കവിത രചിച്ചിട്ടുള്ളത്.
ഇന്നത്തെ പ്രകാശന ചടങ്ങിൽ വെച്ച് തന്നെ 100ഓളം പുസ്തകങ്ങൾ വിറ്റഴിച്ചു. ഒരു കോപ്പിക്ക് 100രൂപയെ ഉള്ളൂ. കൂടാതെ നജ്മയുടെ ഓട്ടോഗ്രാഫ് വാങ്ങാനും തിരക്കായിരുന്നു.
തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ച പുസ്തക പ്രകാശന ചടങ്ങിൽ കലാനിധി ഗീത രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. അജിത് വി.എസ് പുസ്തകാവതരണം നടത്തി. ചടങ്ങിൽ ഡോ ഷാനവാസ്, രാമചന്ദ്രൻ, സോണിയ മൽഹാർ, ഷിജു.എം, അനീഷ് കരിനാട്, ഷാജഹാൻ പനച്ചമൂട്, രാജ്‌മോഹൻ, ഡോ.സാഗർ, സജന ചന്ദ്രൻ, അജിൽ മണിമുത്ത്, ശ്രീജിത്ത് ശ്രീവിലാസ്, റഹീം പനവൂർ, സുവചൻ, ദീപ്തിമോൾ, ഡോ രാധാകൃഷ്ണൻ, മഹിളാ ബാബു, മാലതി ടീച്ചർ, ഡോ സുബ്രഹ്മണ്യൻ, ഡോ സന്തോഷ്, വെട്ടൂർ ഭിന്നശേഷി കൂട്ടായ്മ പ്രസിഡന്റ് ലാലി, സെക്രട്ടറി അയൂബ്, മറ്റു അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, സാഹിത്യകാരന്മാർ, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്എസ്എസിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നജിമ മറുപടി പ്രസംഗവും വിമൽ സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.“ഇന്നത്തെ മനോഹരമായ മധുര പൂർണമായ നിമിഷത്തെ വർണിക്കാൻ എനിക്ക് വാക്കുകൾ തികയുന്നില്ല, ഈ അവസരത്തിൽ പറയാൻ വക്കുകൾ കിട്ടുന്നില്ല, അതിമനോഹരമായ തീർത്ഥം പോലെയായിരുന്നു ഇന്ന് എന്റെ നിമിഷങ്ങൾ” എന്ന് പുസ്തക പ്രകാശനത്തിന് ശേഷം നജ്മ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു.
നജിമയുടെ കുടുംബത്തിന് വരുമാന മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് നല്ലൊരു ഇലക്ട്രോണിക് വീൽ ചെയർ എന്ന സ്വപ്നം ബാക്കിയാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന പഴയ വീൽചെയറിൽ ഉരുട്ടിയാണ് നജിമ മുന്നോട്ട് നീങ്ങുന്നത്. നജിമയെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് വിളിക്കാം : 9995646410