ആറ്റിങ്ങൽ : കെട്ടിട നിർമാണത്തിനു എടുത്ത കുഴിയിൽ മലിനജലം കെട്ടി നിന്ന് സമീപവാസികൾക്കും, പൊതുജനങ്ങൾക്കും ജീവിതവും യാത്രയും ദുസ്സഹമാകുന്നു. ആറ്റിങ്ങൽ ഭരണസിര കേന്ദ്രത്തിന്റെ മൂക്കിനു താഴെ 18ആം വാർഡിൽ ഗ്രാമം റോഡിൽ മൾട്ടി ഹോസ്പിറ്റലിന് എതിർവശത്തായാണ് ഈ ഗുരുതരമായ മാലിന്യ പ്രശ്നം.
ദിവസേന ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പാതയുടെ ഒരു വശം കൂടിയാണിത്. കൂടാതെ രാത്രികാലങ്ങളിൽ അറവുശാലകളിൽ നിന്നും തള്ളുന്ന അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾമൂലം ഈ പ്രദേശമാകെ ചീഞ്ഞുനാറുകയും, കൊതുകുശല്യം മൂലം പരിസരമാകെ പനിയും, മറ്റ് പകർച്ചവ്യാധികളും പടർന്നു പിടിക്കുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണിത്. അസഹനീയമായ ദുർഗന്ധം മൂലം ഇതിന്റെ സമീപത്തു കഴിയുന്ന കുടുംബങ്ങളും വലയുകയാണ്. വാതിലടച്ചിട്ടാൽ പോലും വീടിനുള്ളിൽ ഇരിക്കാനോ, ഭക്ഷണം കഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്. മലിനീകരണവും, പകർച്ചവ്യാധികളും തടയാൻ നഗരസഭയും, ആരോഗ്യവകുപ്പും തയാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അധികാരികളുടെ മൗനാനുവാദതോടെയാണ് കാലങ്ങളായി ഈ സ്ഥിതി തുടരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
