മണമ്പൂർ : മണമ്പൂർ പഞ്ചായത്തിലെ കവലയൂർ ഗുരുമന്ദിരത്തിന് സമീപത്തെ അഞ്ചേക്കർ തരിശു നിലത്തിൽ തീപിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്കല ഫയർഫോഴ്സിനെ വിവരമറിയിച്ചു. വയലിൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്ന് കരിഞ്ഞുണങ്ങി കാട് കയറിയ നിലയിലായിരുന്നു. തീ പെട്ടെന്ന് ആളിപ്പടരാൻ ഇത് കാരണമായി. സമീപത്തുള്ള പുരയിടത്തിലും വീടിനു ചുറ്റും തീ പടർന്നു. ഫയർഫോഴ്സ് വാഹനം ഇവിടെ എത്തിക്കാൻ സാധിക്കാത്തതിനാൽ ബക്കറ്റിൽ വെള്ളം കൊണ്ടുപോയാണ് തീ കെടുത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.