കഠിനംകുളം : കഠിനംകുളത്ത് മൊബൈൽ ബാർ വിതരണക്കാരൻ അറസ്റ്റിൽ. കഠിനംകുളം, പുതുകുറിച്ചി, പാടിക്കവിളാകം വാറുവിള വീട്ടിൽ പ്രകാശൻ (55) ആണ് പിടിയിലായത്.
കഠിനംകുളം സ്റ്റേഷൻ പരിധിയിലെ പുതുക്കുറുച്ചി, മരിയനാട്, പുതുവൽ കോളനി, കഠിനംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ആവശ്യക്കാർ ആവശ്യപ്പെടുന്ന മദ്യം പറയുന്നിടത്ത് ബാറിൽ ലഭിക്കുന്ന ടച്ചിങ്സ് ഉൾപ്പെടെ സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. ഡ്രൈ ഡേ ദിവസങ്ങളിൽ ബാറുകളും മറ്റു മദ്യശാലകളും അവധിയായതിനാൽ മുൻകൂട്ടി സ്റ്റോക്ക് ചെയ്തിരുന്ന മദ്യം പ്രദേശത്ത് വ്യാപകമായി എത്തിക്കുന്നതായി കഠിനംകുളം സി. ഐ വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ നടത്തിയ തെരച്ചിലിലാണ് മൊബൈൽ ബാർ ഉടമയെ കയ്യോടെ പിടികൂടാനായത്.
പ്രതിയോടൊപ്പം 8 കുപ്പി വിദേശമദ്യവും ടച്ചിങ്സും സ്കൂട്ടറിൽ നിന്ന് പിടിച്ചെടുത്തു. കഠിനംകുളം സി.ഐ വിനോദ് കുമാർ, എസ്.ഐമാരായ അഭിലാഷ്, സവാദ്ഖാൻ, കൃഷ്ണപ്രസാദ്, സി. പി.ഒമാരായ വിനു, സുരേഷ്, സജി, വരുൺ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.