കടയ്ക്കാവൂർ: പെരുങ്കുളം പോസ്റ്റോഫീസിനു സമീപത്തെ അടച്ചിട്ട വീടുകളിൽ മോഷണം. വാതിലുകൾ പൊളിച്ചാണ് മോഷണം. അഞ്ചരപവനോളം വരുന്ന സ്വർണാഭരണങ്ങളും എണ്ണായിരം രൂപയും മോഷണം പോയി. പെരുങ്കുളം പോസ്റ്റോഫീസിനു സമീപം മാടപ്പള്ളിവിളയിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പ്രഭാ മന്ദിരത്തിലും സമീപത്തു തന്നെയുള്ള സഹോദരി പ്രസന്നയുടെ ഉമസ്ഥതയിലുള്ള നന്ദനം എന്ന വീടുകളുടെ വാതിലുകളാണ് പൊളിച്ച നിലയിൽ കണ്ടത്. പ്രസന്നയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണവും രൂപയുമാണ് കവർന്നത്. രണ്ട് വീടുകളും അടച്ചിട്ടിരിക്കുകയായിരുന്നു. പുരയിടത്തിൽ ജോലി നടക്കുന്നതിനാൽ തിങ്കളാഴ്ച പകൽ ഇവർ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും പ്രസന്ന വീട്ടിൽ എത്തിയപ്പോഴാണ് വീട് തുറന്നിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തൊട്ടടുത്തുള്ള വീടിന്റേയും വാതിൽ പൊളിച്ചതായി കണ്ടെത്തിയത്. പ്രസന്നയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവുമാണ് കവർന്നത്. അകത്തുകയറിയെങ്കിലും തൊട്ടടുത്തവീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കടയ്ക്കാവുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
