കാട്ടാക്കട : മൂന്ന് മാസം മുമ്പ് റോഡിൽ കിടന്ന് കളഞ്ഞു കിട്ടിയ പണം അവകാശികളെത്താത്തതിനെ തുടർന്ന് മാനസീക വെല്ലുവിളി നേരിടുന്നവർക്കായി കൈമാറി. സി.ഐ.ടി.യു ചുമട്ടു തൊഴിലാളി കൺവീനർ കൂടിയായ കാട്ടാക്കട കഞ്ചിയൂർക്കോണം വാസുദേവത്തിൽ വാസുദേവൻ നായർക്കാണ് കാട്ടാക്കട കോടതിക്ക് സമീപത്ത് നിന്ന് 4000 രൂപ കളഞ്ഞു കിട്ടിയത്. തുടർന്ന് ലേബർ ഓഫീസിലെത്തി ഉദ്യോഗസ്ഥനായ അഭിലാഷിനോട് വിവരം പറഞ്ഞു. ഇരുവരും ചേർന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി സി.പി.ഒ രാജേഷ് കുമാറിന് തുക കൈമാറിയത്.എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും ആരും പരാതിയുമായി എത്തിയില്ല. ഇതേത്തുടർന്ന് എസ്.ഐ രതീഷുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാസുദേവനുമായി സംസാരിച്ച ശേഷം തുക അശരണർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് കുരുതംകോട് മെന്റൽ റിഹാബിലിറ്റേഷൻ സെന്ററിലെ സ്ഥാപന ഡയറക്ടർ ശാലിനിക്ക് ജനമൈത്രി യോഗത്തിൽ വച്ച് കാട്ടാക്കട എസ്.ഐ പി. രതീഷ് തുക കൈമാറിയത്. ചടങ്ങിൽ വാസുദേവനെ അനുമോദിച്ചു. എ.എസ്.ഐ അനിൽകുമാർ, സി.പി.മാരായ ഹരികുമാർ, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. വീട്ടമ്മയായ ഷീജയാണ് വാസുദേവന്റെ ഭാര്യ. ആദിത്യൻ വി.എസ്. നായർ, അരവിന്ദ് വി.എസ്. നായർ, ആനന്ദ് വി.എസ്. നായർ എന്നിവർ മക്കളാണ്.