ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ഐ നിയാസ് 25000രൂപ കൈക്കൂലി വാങ്ങിയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആറ്റിങ്ങൽ മാമം ചെങ്കുളത്തു മഹാദേവർ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിജിലൻസ് എ. ഡി.ജിപിക്ക് പരാതി നൽകി.
മാമം ചെങ്കുളത്തു മഹാദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി റോഡും പറമ്പും അലങ്കരിക്കുന്നതിന് പൂഴിമണൽ എടുക്കാൻ സെക്രട്ടറി മാമം പാലം എന്ന ലോറിയുടെ ഡ്രൈവർ അനിയെ ഏൽപ്പിച്ചു.
ഫെബ്രുവരി 26ന് അഴൂർ കടവിൽ നിന്നും മണൽ എടുത്തതിനു എസ്.ഐ നിയാസ് ലോറിയും മണലും കസ്റ്റഡിയിൽ എടുക്കുകയും ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം 25000 രൂപ തന്നില്ലെങ്കിൽ കളക്ടർക്കു വണ്ടി വിട്ട് കൊടുക്കിമെന്നും അറിയിച്ചത്രെ. തുടർന്ന് കിഴുവിലം പഞ്ചായത്ത് പ്രസിഡൻറ് അൻസാർ എസ്.ഐയെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്തു. അതിൽ ക്ഷുഭിതനായ എസ്.ഐ ലോറിഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ക്ഷേത്രം സെക്രട്ടറി വിജുകുമാർ സ്റ്റേഷനിൽ എത്തുകയും വാഹനവും, ഡ്രൈവറെയും വിട്ടുതരാൻ 25000 രൂപ വേണമെന്നു എസ്.ഐ പറയുകയും 25000 രൂപ എസ്.ഐ ക്ക് കൊടുത്തതിനു ശേഷം വാഹനവും, ഡ്രൈവറെയും വെറുതെ വിടുകയും ചെയ്തത്രെ. ശേഷം മണലെടുക്കാൻ പെർമിഷൻ വേണമെന്ന് സെക്രട്ടറിയെ കൊണ്ട് നിർബന്ധമായി എഴുതി വാങ്ങിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. തുടർന്ന് 26-ആം തീയതി 5 ലോഡും, 27-ആം തീയതി 5 ലോഡും എടുക്കുകയും ചെയ്തത്രെ.
ക്ഷേത്രാവശ്യത്തിനായി മണലെടുത്തതിന് കൈക്കൂലി വാങ്ങിയ എസ്.ഐക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം സെക്രട്ടറി തിരുവനന്തപുരം റൂറൽ എസ്.പിക്കും, വിജിലൻസ് ഡി.ജി.പിക്കും പരാതി നൽകി.
എന്നാൽ താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് എസ്.ഐ പറഞ്ഞു. മണലും ലോറിയും പിടികൂടിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തന്നെ ബന്ധപ്പെട്ടെന്നും എന്നാൽ താൻ കൈക്കൂലി ഒന്നും വാങ്ങിയില്ല എന്നും എസ്.ഐ നിയാസ് അറിയിച്ചു