പാലോട് : പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളുടെ പരിസരങ്ങളിൽ രാവിലെയും വൈകിട്ടുമായി നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയതിനുമായി നിരവധി പേരെ പിടികൂടി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് നന്ദിയോട് കള്ളിപ്പാറ തോട്ടുംപുറത്ത് വീട്ടിൽ ബൈജുവിനെ അറസ്റ്റ് ചെയ്തു. കൂടാതെ സ്കൂൾ പരിസരങ്ങളിലെ റോഡുകളിൽ ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങളും അമിത വേഗതയിൽ സഞ്ചരിക്കുകയും മദ്യപിച്ച് വാഹനം ഓടിക്കുകയും ചെയ്ത 8 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹെൽമെറ്റ് ധരിക്കാതെയും മറ്റ് ഗതാഗത നിയമങ്ങൾ ലംഘിച്ചും ഓടിച്ച 25 ഓളം വാഹനങ്ങൾ പിടികൂടി.13000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് പാലോട് ഇൻസ്പെക്ടർ സികെ മനോജ് അറിയിച്ചു.