Search
Close this search box.

ആലംകോട് ചന്തയിലെ കെട്ടിടം നാശത്തിൽ, പല ഭാഗങ്ങളും പൊളിഞ്ഞു വീഴാറായ നിലയിൽ

eiOIAEW30998

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രധാന മീൻ മൊത്ത വ്യാപാര കേന്ദ്രമാണ് ആലംകോട് ചന്ത. ആറ്റിങ്ങൽ നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ആലംകോട് ചന്തയിലെ കെട്ടിടങ്ങൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു വീഴാം എന്ന അവസ്ഥയിലാണ് കെട്ടിടം. കഴിഞ്ഞ ദിവസം രാത്രിയിൽ ചന്തയ്ക്കുള്ളിൽ കടയ്ക്കാവൂർ റോഡിനോടു ചേർന്ന് നഗരസഭ നിർമിച്ചിട്ടുള്ള കെട്ടിടത്തിൻറെ ഒരു ഭാഗമായി തകർന്നുവീണു.

കെട്ടിടത്തിന്റെ മുകൾനിലയിലെ കിഴക്കുഭാഗത്തെ കൈവരിയാണ് പൊളിഞ്ഞുവീണത്. ഈ ഭാഗത്തായി നിർത്തിയിരുന്ന വാഹനങ്ങൾക്കുമുകളിലേക്ക് ചുടുകട്ടയും സിമന്റും ഉൾപ്പെടെയുള്ളവ വന്ന് വീഴുകയായിരുന്നു. എപ്പോഴും ആൾ തിരക്കുള്ള ഇവിടെ അപകട സമയം ആളുകളില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. എങ്കിലും വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ വശത്തെ കോൺക്രീറ്റ് പാളിയിൽനിന്ന് സിമന്റ് പാളികൾ പൊളിഞ്ഞുപോയി കമ്പികൾ പുറത്തുകാണുന്നനിലയിലാണ്. കെട്ടിടത്തിനു ബലക്കുറവുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ചന്തയ്ക്കുള്ളിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്നു പരാതിയുണ്ട്. വെള്ളം ലഭ്യമാക്കിയിട്ടില്ല. ഇതുനിമിത്തം കക്കൂസും മൂത്രപ്പുരയും പ്രവർത്തിപ്പിക്കാനാകാതെ അടച്ചിട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂറ്റൻ ലോറികളിലാണ് ഇവിടെ മീനുകളെത്തുന്നത്. രാത്രി രണ്ടുമണിമുതലാണ് കച്ചവടം. മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരുമായി ധാരാളമാളുകളാണ് ഈ സമയത്ത് ഇവിടെയെത്താറുള്ളത്. ഇവിടെയെത്തുന്ന അന്യസംസ്ഥാനക്കാരായ ലോറിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആലംകോട് ചന്തയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ കഷ്ടപ്പെടുന്നുണ്ട്.

മലിനജലം സംഭരിച്ച്‌ സംസ്കരിക്കുന്നതിനുള്ള സംവിധാനം ചന്തയ്ക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിപ്പോൾ പ്രവർത്തിക്കുന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. സംഭരണി നിറഞ്ഞ് ചന്തയ്ക്കുള്ളിലെ ഓടകളിൽ മലിനജലം കെട്ടിനിൽക്കുന്നതു കാണാം. ഇതിൽ നിന്നുയരുന്ന ദുർഗന്ധം പരിസരവാസികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടായിട്ടുണ്ട്. ചന്തയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മാലിന്യസംസ്കരണത്തിന്‌ അടിയന്തരസംവിധാനം വേണമെന്നുമാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!