വർക്കല : വിസ തട്ടിപ്പു കേസിൽ ഒരാളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഈറോഡ് സ്വദേശി പ്രേം കുമാറാണ് വർക്കല പോലീസിന്റെ പിടിയിലായത്.
വർക്കല സ്വദേശി വിവേക്, കടയ്ക്കാവൂർ സ്വദേശി വിഷ്ണു, മൂങ്ങോട് സ്വദേശി അബിൻ എന്നിവരുടെ കയ്യിൽ നിന്നും 13അര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി അറസ്റ്റിലായത്.
പോർച്ചുഗലിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇവരെ ആദ്യം അർമേനിയയിലേക്ക് കൊണ്ടു പോയി അവിടുന്ന് പോർച്ചുഗലിലേക്ക് പോകാൻ അഞ്ച് ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. അവർ പ്രേം കുമാറിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു നൽകുകയായിരുന്നു.
പിന്നീട് പ്രേംകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതിനെ തുടർന്നാണ് ഇവർ നാട്ടിലെത്തി ഡിജിപിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വർക്കല പോലീസ് ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ശ്യാം, ഗ്രേഡ് എസ്‌ഐ സുനിൽ, എ.എസ്.ഐ നവാസ്, എസ്.സി.പി.ഒ മുരളീധരൻ പിള്ള എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.