ചിറയിൻകീഴ് : വീട്ടിൽ അതിക്രമിച്ചുകയറിയ രണ്ടംഗസംഘം വൃദ്ധയെ മർദ്ദിച്ച് ബോധം കെടുത്തിയ ശേഷം ഒന്നരപ്പവനും പണവും വീട്ടിലെ പട്ടിക്കുട്ടികളെയും മോഷ്ടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ചിറയിൻകീഴ് റെയിൽവേസ്റ്റേഷന് സമീപം വി.എസ് മന്ദിരത്തിൽ ഭവാനിഅമ്മയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കേബിൾ ശരിയാക്കാനെന്ന വ്യാജേനയാണ് രണ്ട് യുവാക്കൾ വീട്ടിലെത്തിയത്. കേബിൾ കണക്ഷനില്ല, ഡിഷ് ആണെന്ന് ഭവാനിഅമ്മ അറിയിച്ചെങ്കിലും രണ്ടംഗ സംഘം അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തിയശേഷം മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായപ്പോൾ ഇവർ വൃദ്ധയുടെ കാതിൽക്കിടന്ന ഒന്നരപ്പവനുള്ള കമ്മലുകളും വീട്ടിലുണ്ടായിരുന്ന കോയിൻ ബോക്‌സ് പൊട്ടിച്ച് പണവും വീട്ടിൽ വളർത്തിയിരുന്ന 2 പട്ടിക്കുട്ടികളെയും അപഹരിച്ചു. ബോധം തെളിഞ്ഞ വീട്ടമ്മ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരാണ് വിവരം പൊലീസിന് കൈമാറിയത്. എന്നാൽ സംഭമറിഞ്ഞശേഷവും പൊലീസ് എത്താൻ വൈകിയെന്നാണ് പരാതി. പട്ടിക്കുട്ടികളുമായി രണ്ടുപേർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ പോകുന്നത് കണ്ടതായി ചിലർ പറയുന്നു. സമാനമായ രീതിയിൽ അടുത്തിടെ ആനത്തലവട്ടത്തും മോഷണം നടന്നിരുന്നു.
