കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലമ്പലം, മാവിന്മൂട്, കുണ്ടുമൺകാവ് ക്ഷേത്രത്തിലും സമീപത്തെ ഗ്യാസ് ഏജൻസി ഗോഡൗണിലും മോഷണം നടന്നു. ഇന്നലെ രാത്രി 8അരയ്ക്കും രാവിലെ 6നും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് 10000 രൂപയോളം നഷ്ടം വരുത്തിയെന്നാണ് ക്ഷേത്രം ഭാരവാഹികൾ പോലീസിനോട് പറഞ്ഞത്. നാണയങ്ങളും പണവും ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്.
ഇന്ന് രാവിലെ 6 മണിയോടെ കുണ്ടുമൺകാവ് ക്ഷേത്രത്തിന് സമീപത്തെ ഗ്യാസ് ഏജൻസി ഗോഡൗൺ തുറക്കാൻ എത്തിയ ജീവനക്കാരനാണ് ഗോഡൗണിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് കല്ലമ്പലം പോലീസിനെ വിവരം അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. ഗ്യാസ് ഏജൻസി ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന ബൊലേറോ വാഹനം കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടത്. കൂടാതെ ഗ്യാസ് ഏജൻസി ഓഫിസിൽ നിന്നും പണം നഷ്ടമായെന്ന് ഉടമ പറയുന്നു. കൂടാതെ വഴിവക്കിലെ വഞ്ചിയും കുത്തി തുറന്ന് മോഷണം നടന്നതായാണ് വിവരം.
ഗോഡൗണിന് സമീപത്തെ മറ്റൊരു കടയിലും മോഷണം നടന്നതായാണ് വിവരം. പ്രതിയെ എന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ചാക്ക് പോലുള്ള വസ്തു കൊണ്ടു മുഖം മറച്ച നിലയിലാണ്. കല്ലമ്പലം പോലീസ് അന്വേഷണം നടത്തി വരുകയാണ്.