മാറനല്ലൂർ : സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി എക്‌സൈസ് പിടിയിൽ. മാറനല്ലൂർ കണ്ടല വേലംവിളാകത്ത് വിട്ടിൽ അപ്പൂസ് എന്ന അരുൺ(21) ആണ് പിടിയിലായത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽനിന്ന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചതായി കാട്ടാക്കട എക്സൈസ് ഇൻസ്‌പെക്ടർ സ്വരൂപ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, സിഇഒമാരായ രാജീവ്, ഹർഷകുമാർ, റെജി, സുനിൽ പോൾ ജെയിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു