പുല്ലമ്പാറ : 700 അടി പൊക്കമുള്ള പുല്ലമ്പാറ പഞ്ചായത്തിലെ വാലിക്കുന്ന് കോളനിയിൽ ഡോക്ടർമാർ മരുന്നുമായി എത്തിയപ്പോൾ കോളനിക്കാർക്ക് സന്തോഷം. രോഗം കൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്ന 85 വയസ് പിന്നിട്ട പത്മാവതി അമ്മ, 80 കഴിഞ്ഞ നാണി, മണിയൻ തുടങ്ങിയ കോളനിക്കാർ ചികിത്സയ്ക്കായി പുറം നാടുകളിൽ പോകുന്ന ദുരിതമോർത്ത് വീടുകളിൽ തന്നെ കഴിയുകയായിരുന്നു. നൂറിലധികം പടികളും ഇടുങ്ങിയ മൺപാതകളും താണ്ടി വേണം സർക്കാർ ആശുപത്രികളിൽ പോകാൻ. യാത്രാ ദുരിതമോർത്ത് പ്രായമായവരടക്കം വേദനകൾ സഹിച്ച് കൂരകളിൽ ജീവിതം തള്ളി നീക്കുകയായിരുന്നു. ഈ സമയത്താണ് ഡോ. ബിനയും ഡോ. ഷീലാകുമാരിയും ഒരു മാസത്തെ മരുന്നുമായി മലമ്പാത താണ്ടി ഇവരുടെ വീട്ടുമുറ്റത്ത് എത്തിയത്. വാർദ്ധക്യ ജീവിതത്തിൽ കിട്ടിയ വലിയ സൗഭാഗ്യമായാണ് പാവം കോളനിക്കാർക്ക് ഇത് അനുഭവപ്പെട്ടത്. ജില്ലാ ഹോമിയോ വകുപ്പിന്റെ സഞ്ചരിക്കുന്ന ആശുപത്രിയുടെ ഭാഗമായാണ് ആരോഗ്യ സംഘം കോളനിയിലെത്തിയത്
