പോത്തൻകോട്: പോത്തൻകോട് പഞ്ചായത്ത് അതീർത്തിയിൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കേടായ അസംസ്‌കൃത വസ്‌തുക്കളും പിടികൂടി. നിരവധി ജൂസ് കടകളിൽ നിന്ന് മിൽക്ക് ഷേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴക്കമുള്ള പാൽ കണ്ടെത്തി നശിപ്പിച്ചു. വൃത്തിഹീനമായ സ്ഥലത്ത് ആഹാരസാധനങ്ങൾ പാചകം ചെയ്‌ത ഹോട്ടലുകൾക്കും പഴകി കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ വില്പനയ്ക്ക് വെച്ചിരുന്ന ബേക്കറികൾക്കുമെതിരെ നടപടിയെടുത്തു. ഇവിടങ്ങളിൽ നിന്ന് പിടികൂടിയ പഴകിയ ആഹാര സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. പോത്തൻകോട് ജംഗ്‌ഷന് സമീപം പ്രവർത്തിക്കുന്ന ബേക്കറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി. പോത്തൻകോട് മാർക്കറ്റിൽ പരസ്യമായി പുകവലിച്ചവർക്കെതിരെയും പിഴ ചുമത്തി. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ മുൻകരുതലുകളും നോ സ്‌മോക്കിംഗ് ബോർഡുകളും സ്ഥാപിക്കാത്തവർക്കെതിരെയും നടപടിയെടുത്തു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനിൽ ലത്തീഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുധൻ. എസ്.നായർ, ഹർഷകുമാർ, കിരൺ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
