കാട്ടാക്കട: നിയന്ത്രണം വിട്ട കാറിടിച്ച് ആറ് ബൈക്കുകൾ തകർന്നു. ബൈക്ക് യാത്രികനായ റിട്ട പൊലീസുകാരന് പരുക്കേറ്റു. വൈകുന്നേരം 5 മണിയോടെ കോളജ് ജംഗ്ഷന് സമീപമാണ് അപകടം. കാറോടിച്ചിരുന്നത് കള്ളിക്കാട് സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളിയാണെന്നാണ് വിവരം. കാട്ടാക്കട ഭാഗത്തേക്ക് വരികയായിരുന്ന മൈലോട്ട് മൂഴി സ്വദേശിയായ റിട്ട പൊലീസുകാരൻ ജിജോ കുട്ടപ്പന്റെ ബൈക്കിലാണ് ചൂണ്ട്പലക ഭാഗത്തേക്കു പോകുകയായിരുന്ന കെ.എൽ.–7–8080 നമ്പർ പതിച്ച കാർ ആദ്യം ഇടിച്ചത്. ഇതിനുശേഷം റോഡിന്റെ വലതു ഭാഗത്ത് നിർത്തിയിരുന്ന ബൈക്കുകളിൽ ഇടിച്ചു.
റോഡിന്റെ വശത്ത് നിർത്തിയിരുന്ന ഒരു ബുള്ളറ്റും മൂന്ന് ബൈക്കും, രണ്ട് സ്കൂട്ടറുമാണ് തകർന്നത്. ഒടുവിൽ സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. പരുക്കേറ്റയാളെ കാർ ഓടിച്ചയാൾതന്നെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ട് പോയത്. ഇതിനുശേഷമാണ് കാറോടിച്ചത് പല കേസുകളിലെയും പ്രതിയാണെന്ന് നാട്ടുകാർ മനസിലാക്കിയത്. ഇയാൾ പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കാതെ അപ്രത്യക്ഷനാവുകയും ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയവരുടെയും, സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെയും വാഹനങ്ങൾക്കാണ് കേടുപാടുണ്ടായത്.കാട്ടാക്കട പൊലീസ് കേസെടുത്തു.