കടയ്ക്കാവൂർ : ന്യൂഡൽഹിയിലെ അന്താരാഷ്ട്ര സാമ്പത്തിക വികസന ഗവേഷണ അസോസിയേഷന്റെ ഭാരതരത്ന മദർതെരേസ ഗോൾഡ്മെഡൽ അവാർഡ് മുൻ അനർട്ട് ഡയറക്ടറും മൂന്നാർ ഗവ. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലുമായ കടയ്ക്കാവൂർ സ്വദേശി ഡോ. ജയരാജുമാധവന്. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക രംഗത്തെ ഗവേഷണം, ഊർജ്ജ സംരക്ഷണം, പാരമ്പര്യേതര ഊർജ്ജം എന്നീ മേഖലകളിലെ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ചെന്നൈയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഡോ.ആർ.വേലു, തമിഴ്നാട് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ.സ്വാമിദുരൈ എന്നിവരിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. 2006ലെ ശ്രീചിത്ര അവാർഡ്, 2012ലെ രാജീവ്ഗാന്ധി ശിരോമണി അവാർഡ് എന്നിവ ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേരത്തെ ജയരാജു മാധവന് ലഭിച്ചിട്ടുണ്ട്.
ഇടവ എം.ആർ.എം.കെ.എം.എം. എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എസ്.അനിതയാണ് ഭാര്യ. ഡോ.ജിതാപ്രേം, ജിത്തു എന്നിവർ മക്കളാണ്.