നാവായിക്കുളം : ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലം പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ടൂറിസ്റ്റ് ബസുകളിൽ നിന്ന് വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റം മോഷണം പോയി. കൈപ്പള്ളി, ബ്ലസി എന്നീ ബസുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. സ്ഥലത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഒരു ലോറിയിൽ വന്നവരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി കല്ലമ്പലം പൊലീസ് പറഞ്ഞു. രാത്രി ഒന്നരയോടെ ബസുകൾ പാർക്ക് ചെയ്ത സ്ഥലത്ത് ബസുകളെ മറയ്ക്കും വിധം പാർക്ക് ചെയ്ത ലോറിയിൽ നിന്ന് രണ്ട് പേർ ഇറങ്ങി പോകുന്ന രംഗങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് രണ്ടരയ്ക്ക് ശേഷമാണ് അവർ തിരിച്ചുപോയത്. ഈ ലോറി കല്ലമ്പലത്തിനു സമീപത്ത് മറ്റൊരു ബസിനരികിൽ പാർക്ക് ചെയ്തെങ്കിലും ഉടൻ തന്നെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ലോറിയുടെ നമ്പർ വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. രണ്ട് ബസുകളിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മ്യൂസിക് സിസ്റ്റമാണ് മോഷണം പോയതെന്ന് ബസുടമകൾ പറഞ്ഞു
