വക്കം : വക്കം മാർക്കറ്റ് ജംഗ്ഷനിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് പരാതി. ദിവസങ്ങളായി സന്ധ്യമയങ്ങിയാൽ ഇവിടം ഇരുട്ടിലാണ്. ജോലിയും പഠനവും കഴിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് ട്രെയിനിലും മറ്റും കടയ്ക്കാവൂരും ചിറയിൻകീഴും വഴി വക്കത്ത് എത്തുന്ന ഉദ്യോഗാർത്ഥികളും വിദ്യാർഥികളും ഇരുട്ടിൽ തപ്പുകയാണ്. ചില വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചം ഉണ്ടെങ്കിലും ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം കിട്ടുന്നില്ല. മാത്രമല്ല വ്യാപാരസ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ ഇവിടെയെത്തുന്ന ആളുകൾ മൊബൈൽ വെളിച്ചത്തിൽ വേണം നടന്നു നീങ്ങാൻ. വക്കത്തെ പ്രധാന ജംഗ്ഷൻ ആണ് മാർക്കറ്റ് ജംഗ്ഷൻ. അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
