വക്കം: കഴിഞ്ഞ 33 വർഷക്കാലമായി നിലയ്ക്കാമുക്കിന് സമീപം ആങ്ങാവിളയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വക്കത്തെ വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. വില്ലേജ് ഓഫീസ് നിർമ്മിക്കാനുദ്ദേശിക്കുന്ന വസ്തുവിനെ ചൊല്ലിയുള്ള തർക്കമാണ് ആശങ്കയ്ക്ക് കാരണം. കായിക്കര കടവിന് സമീപത്തെ മൃഗാശുപത്രിയുടെ ഭൂമിയിൽ നിന്ന് എട്ട് സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ റവന്യൂ വകുപ്പ് ഭരണാനുമതി നൽകിയത്. എന്നാൽ റവന്യൂ വകുപ്പ് സ്ഥലം അളന്ന് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തടസവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്ത് എത്തുകയായിരുന്നു. ഇത് പുറമ്പോക്ക് ഭൂമിയല്ലെന്നും, 1976 ൽ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലം സർക്കാർ മൃഗസംരക്ഷ വകുപ്പിന് പതിച്ചുനൽകിയ രേഖകൾ കൈവശമുണ്ടന്നറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ഈ സ്ഥലം റവന്യൂ വകുപ്പിന് കൈമാറിയാൽ മാത്രമേ വില്ലേജ് ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ കഴിയൂ. സാമ്പത്തിക വർഷത്തിൽ കെട്ടിട നിർമ്മാണം ആരംഭിക്കണമെങ്കിൽ റവന്യൂ, മൃഗ സംരക്ഷണ വകുപ്പ് തല മാറ്റത്തിന് എം.എൽ.എയും വകുപ്പ് മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്നാണ് വക്കം നിവാസികൾ ആവശ്യപ്പെടുന്നത്.
