പുല്ലമ്പാറ : റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. 400ഓളം റബർ ഷീറ്റുകൾ കത്തിനശിച്ചു. പുല്ലമ്പാറ പാലം ജംഗ്ഷന് സമീപം കൊളപ്പുറം വീട്ടിൽ പുരുഷോത്തമന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്ക് കഴിഞ്ഞ ദിവസം പുലർച്ചെ 2 നായിരുന്നു തീ പിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. പുകപ്പുരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 400ഓളം റബർഷീറ്റുകൾ ഇതിനകം കത്തി നശിച്ചു. പുകക്കുഴലിലേയ്ക്ക് റബർഷീറ്റ് വീണതാകാം തീ പിടിത്തമുണ്ടാകാൻ കാരണമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം. സീനിയർ ഫയർ ഓഫീസർ അജിത്കുമാർ, ഫയർ ഓഫീസർമാരായ അനിൽ രാജ്, അഹമ്മദ് ഷാഫി അബ്ബാസി, വിജേഷ്, സനിൽകുമാർ, ശിവകുമാർ, അരവിന്ദ് എസ്. കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
