ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ പൂവൻപാറവരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഇരു വശങ്ങളിലും സ്ഥാപിക്കുന്ന ഡ്രെയിനേജ് സംവിധാനവും സ്ലാബുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ കരാറുകാരായ റിവയ്‌വ് കമ്പനിയുടെ കിളിമാനൂരിലുള്ള യാഡിൽ പുരോഗമിക്കുന്നു.
ആറ്റിങ്ങൽ നഗരസഭാ ചെയർമാന്റെ ചേമ്പറിൽ വിളിച്ച് ചേർത്ത യോഗത്തിൽ അഡ്വ.ബി.സത്യൻ എം.എൽ.എ, ചെയർമാൻ എം.പ്രദീപ്, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ റിവയ് വ് കമ്പനി ഉടമ തുടങ്ങിയവർ പങ്കെടുത്തു.
അടുത്തമാസം ഫെബ്രുവരി 5 നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്നും കൂടാതെ ഒരു കിലോമീറ്റർ ദൂരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏകദേശം ഒരു മാസം വേണ്ടി വരുമെന്നും രണ്ടര കിലോമീറ്റർ ആകെ ദൈർഘ്യമുള്ള ആറ്റിങ്ങൽ ദേശീയപാത വികസനം മൂന്ന് മാസത്തിനുള്ളിൽ തീർക്കാനാകുമെന്നും കരാറുകാരൻ എം.എൽ എ ക്കും ചെയർമാനും ഉറപ്പ് നൽകി.
ദേശീയപാതയുടെ ഇരു വശങ്ങളിലും ഡ്രൈനേജ് സംവിധാനവും മധ്യഭാഗത്ത് ഡിവൈഡറോടും കൂടിയ പതിനാറ് മീറ്റർ വീതിയുള്ള ദേശീയപാതയാണ് ആറ്റിങ്ങലിന് വേണ്ടി ഒരുങ്ങുന്നതെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ അറിയിച്ചു.