വെള്ളാണിക്കൽ : ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കലിൽ തീ പിടുത്തം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണയാണ് ഇവിടെ തീ പിടുത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പാറയുടെ അടിഭാഗത്തെ കുറ്റിക്കാടിനാണ് തീ പിടിച്ചത്. തുടർന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. രണ്ടേക്കറോളം കുറ്റിക്കാട് കത്തി. വേങ്ങോട് റോഡിനരികിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് എത്തിയവരിൽ ആരോ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ തീപ്പെട്ടി കൊള്ളിയിൽ നിന്നോ ആകാം തീ പടർന്നതെന്നാണ് സംശയം. സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് – ആറ്റിങ്ങൽ അഗ്നി രക്ഷാ സേനകൾ സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.
