ചിറയിൻകീഴ് : ചിറയിൻകീഴ് എസ്.ഐ നിയാസിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.കൈക്കൂലി ആരോപണത്തെ തുടർന്ന് പ്രാഥമികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്പെൻഷൻ. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ ഡിവൈഎസ്പി അനിൽകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി വിജുകുമാർ നൽകിയ പരാതിയിൽ മേൽ റൂറൽ എസ്.പി അശോകിന്റെ റിപ്പോർട്ടനുസരിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 26ന് ചെങ്കുളത്ത് മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ പരിസരത്ത് നിക്ഷേപിക്കാൻ പൂഴിമണ്ണ് എടുക്കാൻ അനി എന്ന ലോറി ഡ്രൈവറെ ഏൽപ്പിച്ചു.
അഴൂർ കടവിന് സമീപത്തുനിന്ന് മണൽ കയറ്റുന്നതിനിടെ ചിറയിൻകീഴ് എസ്ഐ സ്ഥലത്ത് എത്തുകയും മണലും ലോറിയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്രെ. തുടർന്ന് ക്ഷേത്ര സെക്രട്ടറി വിജുകുമാർ സ്റ്റേഷനിൽ എത്തി ലോറിയും മണലും വിട്ടുതരാൻ ആവശ്യപ്പെട്ടു. എന്നാൽ, ലോറി വിട്ടുതരണമെങ്കിൽ 25000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി. ട്രസ്റ്റ് സെക്രട്ടറി ഈ തുക നൽകുകയും ലോറിയും മണലും വീണ്ടെടുക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല നൽകിയ തുകയുടെ പ്രത്യുപകാരമായി പത്ത് ലോഡ് മണൽ അഴൂർ കടവിൽനിന്ന് എടുക്കാൻ അനുവദിക്കുകയും ചെയ്തെന്നും ക്ഷേത്ര ആവശ്യത്തിനായി മണൽ എടുത്തതിന് കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐക്കെതിരേ നടപടി എടുക്കണമെന്നാണ് പരാതിയിൽ സെക്രട്ടറി ആവശ്യപ്പെട്ടത്.