പനവൂർ : കാണാതായ പനവൂർ സ്വദേശിയുടെ മൃതദേഹം പാറമടയിലെ വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തു. പനവൂർ, ആറ്റിൻപ്പുറം ചപ്പാത്ത് വലിയകൊങ്ങണംകോട് തടത്തരികത്തു വീട്ടിൽ വേലുവിന്റെ (74) മൃതദേഹമാണ് ചപ്പാത്തിനു സമീപമുള്ള പാറമടയിലെ 25 അടി താഴ്ചയുള്ള വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11 മണി മുതലാണ് വേലുവിനെ കാണാതായത്. ചപ്പാത്തിനു സമീപം പാറമടയുടെ കരയിൽ വേലുവിന്റെ ചെരിപ്പ് കണ്ടതിനെ പാറമടയിൽ അകപ്പെട്ടുപോയതാകാമെന്നു സംശയിച്ച് ശനിയാഴ്ച വൈകുന്നേരം നാലരയോടെ നെടുമങ്ങാട് അഗ്നിശമന സേനാവിഭാഗം പാറമടയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇന്നലെ രാവിലെ ചെങ്കൽചൂളയിൽ നിന്ന് മുങ്ങൽ വിദഗ്ധരെത്തി മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഭാര്യ: സി.കുമാരി.
മക്കൾ : യശോദ, വിജയൻ, ജയ.
മരുമക്കൾ: ഗോപി, രാജു.
 
								 
															 
								 
								 
															 
															 
				

